ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഇന്നു മുതൽ ചെന്നൈയിൽ
Thursday, September 19, 2024 12:26 AM IST
ചെന്നൈ: 2023-25 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്നു തുടക്കമാകും.
രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറും. ഇന്ത്യ അഞ്ചു മാസങ്ങൾക്കുശേഷമാണ് ടെസ്റ്റിന് ഇറങ്ങുന്നത്. ബംഗ്ലാദേശാണെങ്കിൽ പാക്കിസ്ഥാനെ അവരുടെ നാട്ടിൽച്ചെന്ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.
കരുത്തരായ ന്യൂസിലൻഡ്, ഓസ്ട്രേലിയ ടെസ്റ്റ് പരന്പരകൾക്കു മുന്പ് ഇന്ത്യക്കുള്ള വെല്ലുവിളിയാണ് ബംഗ്ലാദേശിനെതിരേയുള്ള ടെസ്റ്റ് പരന്പര. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഫൈനലിനു മുന്പ് ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകളെയാണ് ഇനി നേരിടാനുള്ളത്.
ബംഗ്ലാദേശിനെതിരേ ഇതുവരെ ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളൊന്നും നഷ്ടമായിട്ടില്ല. കഴിഞ്ഞ 13 മത്സരങ്ങളിൽ 11ലും ഇന്ത്യ ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയായി. പുതിയ ബംഗ്ലാദേശിനെ വിലകുറച്ചു കാണാനാവില്ല. കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരേ രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയിൽ സന്പൂർണ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
സ്പിൻ Vs സ്പിൻ
ഇന്ത്യയുടെ ഹോം ടെസ്റ്റിൽ സ്പിൻ നിറഞ്ഞ പിച്ചുകൾക്കു നിർണായക സ്വാധീനമാണുള്ളത്. ഷക്കീബ് അൽ ഹസൻ നയിക്കുന്ന ബംഗ്ലാദേശ് സ്പിന്നർമാർ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ കെൽപ്പുള്ളവരാണ്.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഹോം റിക്കാർഡ് 40-4 (ജയം-തോൽവി) എന്നതാണ്. ഇന്ത്യയുടെ ജയത്തിനു സ്പിന്നർമാരുടെ പങ്ക് വലുതായിരുന്നു. സന്ദർശക ടീമുകളുടെ സ്പിന്നർമാരെ നേരിടുന്നതിലും ഇന്ത്യൻ ബാറ്റർമാർ ആധിപത്യം പുലർത്തി.
ഷക്കീൽ അൽ ഹസന്റെ നേതൃത്വത്തിലുള്ള സ്പിൻ ഡിപ്പാർട്ട്മെന്റിൽ തയ്ജുൾ ഇസ്ലാം, മെഹ്ദി ഹസൻ മിറാസ് എന്നിവരാണുള്ളത്. ഇതിനുള്ള മറുപടിയാണ് ഇന്ത്യയുടെ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്സർ പട്ടേൽ തുടങ്ങിയവർ.