യമാല്‍ ഡബിളിൽ ബാഴ്സ
Tuesday, September 17, 2024 12:50 AM IST
ജിറോണ: ലയണൽ മെസിയുടെ പിന്തുടർച്ചക്കാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന ലാമിന് യമാലിന്റെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണ 4-1ന് ജിറോണയെ തകര്‍ത്തു.
ഇതോടെ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ 2024-25 സീസണില്‍ ബാഴ്സലോണ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പെര്‍ഫെക്ട് തുടക്കം നിലനിര്‍ത്തി. 30, 37 മിനിറ്റുകളിലാണ് യമാലിന്റെ ഗോളുകള്‍.
രണ്ടാം പകുതിയിൽ ഡാനി ഓള്‍മോയും (47') പെദ്രിയും (64') വലകുലുക്കിയതോടെ ബാഴ്സ ഏകപക്ഷീയ ജയം ഉറപ്പിച്ചു. 80-ാം മിനിറ്റില്‍ ക്രിസ്ത്യന്‍ സ്റ്റുവാനി ജിറോണയുടെ ആശ്വാസ ഗോള്‍ നേടി.
86-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായെങ്കിലും ബാഴ്സലോണ അതിനു മുമ്പേ ജയം ഉറപ്പിച്ചിരുന്നു. 15 പോയിന്റുമായി ബാഴ്സയാണ് ഒന്നാമത്. 11 പോയിന്റ് വീതമായി അത്ലറ്റിക്കോ മാഡ്രിഡും റയല്‍മാഡ്രിഡും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
റയൽ, അത്ലറ്റിക്കോ
ഈ സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്ന കോണര്‍ ഗല്ലഗർ, ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ സ്പാനിഷ് ലീഗിൽ തങ്ങളുടെ ആദ്യ ഗോള്‍ നേടി. സ്വന്തം കളത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ 3-0ന് വലന്‍സിയയെ തോല്‍പ്പിച്ചു.
ഒരു ഗോള്‍ ആന്ത്വാന് ഗ്രീസ്മാന്റെ വകയാണ്. 39-ാം മിനിറ്റില്‍ ഗല്ലഗര്‍ ഗോള്‍ നേടി. ചെല്സിയില്നിന്നാണ് താരം അത്ലറ്റിക്കോയിലെത്തിയത്. ലാ ലിഗയില്‍ അത്ലറ്റിക്കോയ്ക്കായി ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലീഷുകാരനെന്ന നേട്ടവും ഗല്ലഗര്‍ സ്വന്തമാക്കി.
എവേ പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ വിനിഷ്യസ് ജൂണിയറും (58') കിലിയന്‍ എംബപ്പെയും (75') പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിച്ച് റയല്‍ മാഡ്രിഡിനെ ജയത്തിലെത്തിച്ചു. 2-0ന് സോസിദാദിനെയാണ് റയൽ പരാജയപ്പെടുത്തിയത്.