തിരുവോണാഘോഷത്തിനു കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിൽ
Sunday, September 15, 2024 12:05 AM IST
കൊച്ചി: കിരീടവരള്‍ച്ചക്ക് അറുതി വരുത്താന്‍ പുതിയ അടവുകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ഇന്ന്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പതിനൊന്നാം സീസണില്‍, തിരുവോണ നാളില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ജയത്തോടെ തുടങ്ങാമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്റ്റേഡിയത്തില്‍ പകുതി സീറ്റുകളിലേക്കു മാത്രമാണ് പ്രവേശനം. അവസാന മൂന്ന് സീസണിലും പ്ലേ ഓഫ് കളിച്ച ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന് മിഖേല്‍ സ്റ്റാറെയുടെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്.
എഫ്സി ഗോവയില്‍ നിന്നെത്തിയ മൊറോക്കന്‍ മുന്നേറ്റക്കാരന് നോഹ് സദൗയിയാണ് ക്യാമ്പിലെ പുതിയ കരുത്ത്. ഡ്യൂറന്റ് കപ്പില്‍ താരം തിളങ്ങിയിരുന്നു. സ്പാനിഷുകാരന് ജെസ്യൂസ് ജിമെനെസിലും ടീം പ്രതീക്ഷ വയ്ക്കുന്നു.
ഉറുഗ്വേക്കാരന് അഡ്രിയാന്‍ ലൂണയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും ടീം നായകന്. 53 മത്സരങ്ങളില 13 ഗോള്‍ നേടിയിട്ടുണ്ട് ലൂണ. പ്രതിരോധ താരം മിലോസ് ഡ്രിന്‍സിച്ചാണ് വൈസ് ക്യാപ്റ്റന്‍. ടീമിന്റെ മുന്നൊരുക്കങ്ങളില്‍ സംതൃപ്തനാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്വീഡിഷ് പരിശീലകന് സ്റ്റാറെ പറയുന്നു.
പ്രീസീസണില്‍ ചില താരങ്ങള്‍ പരിക്കിന്റെ പിടിയില്‍ പെട്ടിരുന്നു. അവരെല്ലാം ഫിറ്റ്നെസ് വീണ്ടെടുത്തുകഴിഞ്ഞു. നിലവില്‍ എല്ലാ കളിക്കാരും ഇന്നത്തെ മത്സരത്തിന് സജ്ജരാണെന്നും സ്റ്റാറെ പറഞ്ഞു. 28 അംഗ ടീമാണ് ബ്ലാസ്റ്റേഴ്സിന്. പരിക്കില്‍നിന്ന് മുക്തനായ സച്ചിന് സുരേഷ് ആയിരിക്കും ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍.
പഞ്ചാബ് സ്ട്രോംഗാണ്
മറുവശത്ത് ഓരോ മത്സരം കഴിയുംതോറും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ടീമായി പഞ്ചാബ് എഫ്സി മാറിക്കഴിഞ്ഞു. പഞ്ചാബിന് ഐഎസ്എലിലെ രണ്ടാം സീസണാണ്. ആദ്യ സീസണില്‍ പതിയെ തുടങ്ങിയ പഞ്ചാബ് പിന്നീട് മികവ് പുറത്തെടുത്തു.
കൊച്ചിയില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 3-1നു പഞ്ചാബ് ടീം തോല്‍പ്പിച്ചത്. പ്ലേ ഓഫിന്റെ അരികിലെത്തിയ ടീം 24 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ആദ്യ സീസണ് അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ കളിച്ച ക്യാപ്റ്റന്‍ ലൂക്കാ മജ്സീനെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളത്.
26 അംഗ ടീമില്‍ ലൂക്കാ മജ്സീന്‍, മുഷാഗ ബകെംഗ, എസ്ക്വല്‍ വിദാല്‍, ഇവാന് നോവോസെലെച്ച്, അസ്മിര്‍ സുല്‍ജിക്, ഫിലിപ്പ് മിഴ്ലാക്ക് എന്നിവരാണ് വിദേശികള്‍. വിനിത് റായ്, നിന്തോയിംഗന്‍ബ മീതേയ്, മുഹീത് ഷബീര്‍, മലയാളി താരം നിഹാല്‍ സുധീഷ്, ലിക്മാബാം രാകേഷ് സിംഗ് എന്നീ ഇന്ത്യ താരങ്ങള്‍ പുതുതായി ടീമിലെത്തിയിട്ടുണ്ട്.
പോലീസ് സുരക്ഷയൊരുക്കും
കൊച്ചി: ഇന്ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനൊന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണിലെ ആദ്യ മത്സരത്തിന് പോലീസ് സുരക്ഷ ഒരുക്കുന്നകാര്യത്തില്‍ തീരുമാനമായി.
പോലീസ് ബന്തവസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട തുക നല്കാത്തതിനാല് പോലീസ് അനുമതി അനിശ്ചിതത്വത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് സുരക്ഷാ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘാടകര്‍ ഇന്നലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുമായി ചര്‍ച്ച നടത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചതായി കമ്മീഷണര്‍ പറഞ്ഞു.
കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളിലായി സുരക്ഷക്കായി അധിക പോലീസിനെ വിന്യസിച്ചതിന് രണ്ടര കോടി രൂപയാണ് സംഘാടകര്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടത്. ഇതില്‍ 25 ലക്ഷം രൂപ വെള്ളിയാഴ്ച അടച്ചിരുന്നു. പോലീസിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന വേളയിലാണ് പണം അടച്ചത്.
25 ലക്ഷം രൂപ അടച്ചതിനാലും ബാക്കി തുക ഗഢുക്കളായി അടാക്കമെന്ന ഉറപ്പിന്മേലും മത്സരത്തിന് സുരക്ഷയൊരുക്കാന്‍ പോലീസ് അനുമതി നല്‍കുകയായിരുന്നു.