താരങ്ങളെ ആനയിക്കാന്‍ ദുരന്തമേഖലയിലെ കുട്ടികള്‍
Saturday, September 14, 2024 1:20 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്സി മത്സരത്തില്‍ താരങ്ങളെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് ആനയിക്കാന്‍ വയനാട് ദുരന്തമേഖലയിലെ കുട്ടികള്‍.
മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണു കുട്ടികള്‍ക്ക് ഈ അവസരമൊരുക്കിയിരിക്കുന്നത്.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇതിന്റെ ഭാഗമായി കൊച്ചിയിലെത്തുകയെന്ന് എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സക്കീര്‍ ഹുസൈന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ഒരുമിച്ചോണം, കൂടെയുണ്ട് എംഇഎസ്’ എന്നപേരിലാണു പരിപാടി സംഘടിപ്പിക്കുന്നത്. 24 കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തിരുവോണദിനമായ നാളെ എറണാകുളത്തു കൊണ്ടുവന്ന് അവര്‍ക്കൊപ്പം ഓണമാഘോഷിക്കും.