ഐഎസ്എല്‍: 25 ലക്ഷം രൂപ അടച്ച് സംഘാടകര്‍
Saturday, September 14, 2024 1:20 AM IST
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന 11-ാമത് ഇന്ത്യന്‍ സൂപ്പര്‍ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ സീസണിലെ ആദ്യമത്സരത്തില്‍ പോലീസ് സുരക്ഷാ അനുമതിക്കായി 25 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടച്ച് സംഘാടകര്‍.
25 ലക്ഷം രൂപകൂടി അടയ്ക്കുന്നതു സംബന്ധിച്ച് കൊച്ചി സിറ്റി പോലീസും സംഘാടകരും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളിലായി പോലീസ് ബന്തവസ് ഇനത്തില്‍ രണ്ടര കോടി രൂപയാണു സംഘാടകര്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത്.
പോലീസിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരം നടക്കുന്ന ദിവസം സ്റ്റേഡിയത്തിലും നഗരത്തിലും സുരക്ഷയ്ക്കായി അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്.
ഇതിനായി പോലീസ് ബന്തവസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട തുക സംഘാടകര്‍ അടച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സുരക്ഷാ അനുമതി നല്‍കില്ലെന്നു കാണിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ശ്യാം സുന്ദര്‍ കത്ത് നല്‍കിയിരുന്നു.
കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് സംഘാടകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 25ലക്ഷം രൂപ അടച്ചിരിക്കുന്നത്.
ഈ തുക അടയ്ക്കാതെ മത്സരം നടത്തിയാല്‍ കേസെടുക്കാനായിരുന്നു പോലീസ് തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കേരള സ്പോര്‍ട്സ് ലീഗില്‍ അഞ്ചരലക്ഷം രൂപ സംഘാടകര്‍ സര്‍ക്കാരിലേക്ക് അടച്ചിരുന്നു.
നാളെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലുള്ള കൊച്ചിയിലെ ആദ്യമത്സരം. തിരുവോണ ദിവസമായതിനാല്‍ സുരക്ഷയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ തിരക്കുള്ള ദിവസമാണിത്. കൊച്ചി സിറ്റി പോലീസുമായി ചര്‍ച്ച നടത്താതെയാണു തിരുവോണദിവസം തെരഞ്ഞെടുത്തതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.