പാറിപ്പറന്ന് ഇന്ത്യ
Monday, September 9, 2024 1:09 AM IST
പാരീസ്: 2024 പാരീസ് പാരാലിന്പിക്സിൽ പാറിപ്പറന്ന് ഇന്ത്യ. ഒരു പാരാലിന്പിക് എഡിഷനിൽ ഏറ്റവും കൂടുതൽ മെഡൽ വേട്ട എന്ന റിക്കാർഡ് കുറിച്ചാണ് ഇന്ത്യ പാരീസിൽനിന്നു മടങ്ങുന്നത്. ഓഗസ്റ്റ് 28നാരംഭിച്ച 17-ാമത് സമ്മർ പാരാലിന്പിക്സ് കൊടിയിറങ്ങി. 2028ൽ ലോസ് ആഞ്ചലസിൽവച്ചു കാണാമെന്ന പ്രതീക്ഷയോടെ പാരാ കായിക താരങ്ങൾ സ്വദേശങ്ങളിലേക്കു മടങ്ങി.
സ്വർണത്തിൽ നവദീപ്
കുള്ളൻ എന്ന വിളിയാൽ പലപ്പോഴും അപമാനം സഹിക്കേണ്ടിവന്ന നവദീപ് സിംഗിന്റെ സ്വർണ നേട്ടത്തോടെയാണ് പാരീസ് പാരാലിന്പിക്സിൽ ഇന്ത്യ മെഡൽ വേട്ട അവസാനിപ്പിച്ചത്. ഇന്ത്യൻ അക്കൗണ്ടിലെത്തിയ ഏഴാം സ്വർണമായിരുന്നു അത്. പുരുഷ വിഭാഗം എഫ് 41 ജാവലിൻത്രോയിലായിരുന്നു നവദീപിന്റെ സ്വർണനേട്ടം. 47.32 മീറ്ററാണ് നവദീപ് ജാവലിൻ പായിച്ചത്. ഇറാന്റെ സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതോടെ നവദീപ് വെള്ളിയിൽനിന്നു സ്വർണത്തിലേക്കെത്തുകയായിരുന്നു.
വനിതാ 200 മീറ്റർ ടി12 ഇന്ത്യയുടെ സിമ്രാൻ ശർമ വെങ്കലം സ്വന്തമാക്കി. 24.75 സെക്കൻഡിലായിരുന്നു സിമ്രാന്റെ ഫിനിഷിംഗ്. ക്യൂബയുടെ ഒമാര ഡ്യൂറൻഡിനായിരുന്നു (23.62) സ്വർണം.
ഏഴു സ്വർണം, 29 മെഡൽ
ഒരു പാരാലിന്പിക് എഡിഷനിൽ ഏറ്റവും കൂടുതൽ മെഡൽ എന്ന നേട്ടം കുറിച്ചാണ് ഇന്ത്യ പാരീസിൽനിന്നു മടങ്ങുന്നത്. ഏഴു സ്വർണം, ഒന്പതു വെള്ളി, 13 വെങ്കലം എന്നിങ്ങനെ 29 മെഡൽ ഇന്ത്യ 2024 പാരാലിന്പിക്സിൽ സ്വന്തമാക്കി. 2020 ടോക്കിയോയിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ടോക്കിയോയിലേതിനേക്കാൾ 10 മെഡൽ അധികം പാരീസിൽ നേടാൻ സാധിച്ചു.