കേരള സൂപ്പർ ലീഗിന് കൊച്ചിയിൽ വർണാഭമായ തുടക്കം
Sunday, September 8, 2024 12:10 AM IST
കൊച്ചി: സൂപ്പർ ആവേശത്തോടെ പ്രഥമ കേരള സൂപ്പർ ലീഗിന് കൊച്ചിയിൽ വർണാഭമായ തുടക്കം. ഇനി രണ്ട് മാസക്കാലം കേരളത്തിന്റെ ഫുട്ബോൾ മൈതാനങ്ങളിൽ പന്താട്ടപ്പൂരം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കലാ പ്രകടനം ആരാധകരുടെ മനം കവർന്നു.
ഡിജെ ശേഖർ, റാപ്പർ ഫെജോ എന്നിവരുടെ തകർപ്പൻ പ്രകടനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ ഗായകൻ ഡബ്സി ഇരട്ടി ആവേശത്തിലാക്കി. ചെണ്ടകൊണ്ട് വിസ്മയം തീർത്ത് ആട്ടം സമിതി കൊട്ടിക്കയറിയപ്പോൾ കീ ബോർഡിൽ സ്റ്റീഫൻ ദേവസിയും ഡ്രമ്മിൽ ശിവമണിയും വിസ്മയം തീർത്തു.
ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ നൃത്തച്ചുവടുകളും സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. കലാപ്രകടനങ്ങൾക്ക് പിന്നാലെ ഫോഴ്സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി ടീം അംഗങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചതോടെ സ്റ്റേഡിയം അറബിക്കടലോളം ആർത്തിരന്പി. ലീഗിലെ ആറ് ടീമുകളുടെ ഉടമകളും വേദിയിലെത്തി.
ഫ്രാഞ്ചൈസി ഫോർമാറ്റിൽ കേരളത്തിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ലീഗിൽ പന്തു തട്ടുന്നത്. തിരുവനന്തപുരം കൊന്പൻസ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സി, കാലിക്കട്ട് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി എന്നിവയാണ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. രണ്ട് മാസം നീണ്ടുനിൽക്കുന്ന ലീഗിൽ ആറ് ടീമുകളും ഹോം എവേ ക്രമത്തിൽ ഏറ്റുമുട്ടും.
വിജയികൾക്ക് ഒരു കോടിയും, റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയും പ്രൈസ്മണി നൽകും. 33 മത്സരങ്ങളാണ് ലീഗിലുണ്ടാവുക.
ഇന്നു മത്സരമില്ല. നാളെ തൃശൂർ മാജിക് എഫ്സി കണ്ണൂർ വാരിയേഴ്സ് എഫ്സിയെ നേരിടും. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.
പത്ത് റൗണ്ടുകളായാണ് പ്രാഥമിക മത്സരങ്ങൾ. മികച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. നവംബർ അഞ്ച്, ആറ് തീയതികളിലായി സെമി ഫൈനൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും നവംബർ 10ന് ഫൈനൽ കൊച്ചിയിലും നടക്കും. രാത്രി ഏഴിനാണ് എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്.