കേരള സൂപ്പർ ലീഗ് ഫുട്ബോളിന് ഇന്നു കിക്കോഫ്
Saturday, September 7, 2024 1:45 AM IST
കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോൾ പൂരത്തിന് ഇന്നു കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചി, മലപ്പുറം എഫ്സിയെ നേരിടും.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് വർണാഭമായ കലാപരിപാടികളോടെ ലീഗ് ഉണരും. ജാക്വലിൻ ഫെർണാണ്ടസ്, ശിവമണി, ഡാബ്സി, സ്റ്റീഫൻ ദേവസി, ഫെജോ, ഡിജെ ശേഖർ തുടങ്ങിയവർ അണിനിരക്കുന്നതാണ് ഉദ്ഘാടന മാമാങ്കം. തുടർന്ന് രാത്രി എട്ടിന് കിക്കോഫ്.
ഫ്രാഞ്ചൈസി ഫോർമാറ്റിൽ കേരളത്തിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ലീഗിൽ പന്തു തട്ടുന്നത്. തിരുവനന്തപുരം കൊന്പൻസ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, തൃശൂർ മാജിക്ക് എഫ്സി, മലപ്പുറം എഫ്സി, കാലിക്കട്ട് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി എന്നിവയാണ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ.
വിജയികൾക്ക് ഒരു കോടി രൂപയും, റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയും പ്രൈസ്മണി നൽകും. 33 മത്സരങ്ങളാണ് ലീഗിലുണ്ടാവുക. നാളെ മുതൽ രാത്രി ഏഴിനാണ് മത്സരങ്ങൾ. പത്ത് റൗണ്ടുകളായാണ് പ്രാഥമിക മത്സരങ്ങൾ. മികച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. നവംബർ അഞ്ച്, ആറ് തീയതികളിലായി സെമി ഫൈനൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും നവംബർ 10ന് ഫൈനൽ കൊച്ചിയിലും നടക്കും.
നാല് വേദി
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, തിരുവനന്തപുരം സ്റ്റേഡിയം, മഞ്ചേരി പയ്യനാട്, കോഴിക്കോട് കോർപറേഷൻ എന്നിങ്ങനെ നാലു വേദികളിലായാണ് കേരള സൂപ്പർ ലീഗ് അരങ്ങേറുക.
കെർവെൻസ് ബെൽഫോർട്ട്, ജോസേബ ബെറ്റിയ, അസിയർ ഗോമസ്, റാഫേൽ അഗസ്റ്റോ, അബ്ദുൽ ഹക്കു, ആദിൽഖാൻ, സി.കെ. വിനീത്, നിജോ ഗിൽബെർട്ട്, അനസ് എടത്തൊടിക തുടങ്ങി പ്രമുഖ താരങ്ങളുടെ സാന്നിധ്യമാണ് ലീഗിന്റെ ഹൈലൈറ്റ്. ഓരോ ടീമിലും ആറു വിദേശ താരങ്ങളെ ഉൾപ്പെടുത്താം. നാല് വിദേശ താരങ്ങളെ മാത്രമേ കളത്തിലിറക്കാൻ സാധിക്കൂ. ഓരോ ടീമും കേരള ഡെവലപ്മെന്റ് കാറ്റഗറിയിലുള്ള രണ്ട് കളിക്കാരെയെങ്കിലും മൈതാനത്തിറക്കണെന്നും നിബന്ധനയുണ്ട്.
തട്ടകത്തിൽ തകർക്കാൻ കൊച്ചി
കൊച്ചി: പോർച്ചുഗലിൽ നിന്നുള്ള മരിയോ ലെമോസ് പരിശീലിപ്പിക്കുന്ന ഫോഴ്സ കൊച്ചി എഫ്സി ടീം പരിചയസന്പന്നരും യുവതാരങ്ങളും അടങ്ങുന്നതാണ്. മുൻ ഇന്ത്യൻ ഗോൾകീപ്പറും ഐഎസ്എൽ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് നായകൻ.
ജോപോൾ അഞ്ചേരി സഹ പരിശീലകനായ ടീം ഹോം ഗ്രൗണ്ടിലെ ആദ്യമത്സരം ജയത്തോടെ തുടങ്ങാനുള്ള സർവ ഒരുക്കങ്ങളും പൂർത്തിയാക്കി. റാഫേൽ അഗസ്റ്റോ, സയിദ് മുഹമ്മദ് നിദാൽ, ഡിസിരി ഒമ്രാൻ, മോക്കി ജീൻ ബാപ്പിസ്റ്റെ, സിയാൻഡ നിഗുന്പൊ, റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ.
സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ നിജോ ഗിൽബർട്ട്, ഹജ്മൽ സക്കീർ, അർജുൻ ജയരാജ്, കെ. അമീൻ, നിതിൻ മധു, അൽക്കേഷ് രാജ്, അജയ് അലക്സ് എന്നിവരും കെ.പി. രാഹുൽ, സാൽ അനസ്, ജെസിൽ മുഹമ്മദ്, ആസിഫ് കോട്ടയിൽ, കമൽപ്രീത് സിംഗ്, അരുണ്ലാൽ, ജഗനാഥ്, പി.വി. അനുരാഗ്, കെ. റെമിത്, ശ്രീനാഥ്, കെ. ലിജോ, കെ. നൗഫൽ എന്നിവരും ഉൾപ്പെടുന്നതാണ് ഫോഴ്സ കൊച്ചി.
കൊച്ചി ടീമിനെ അവരുടെ തട്ടകത്തിൽ വിറപ്പിക്കാനുള്ള മുന്നൊരുക്കങ്ങളുമായാണ് മലപ്പുറം എഫ്സി ആദ്യ മത്സരത്തിനെത്തുന്നത്. 2017 മുതൽ 2019വരെ ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിയുടെ പരിശീലകനായിരുന്ന ജോണ് ഗ്രിഗറിയാണ് മലപ്പുറത്തിന്റെ പരിശീലകൻ.
ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ടീമാണ് മലപ്പുറം എഫ്സി.ഇന്ത്യൻ മുൻതാരങ്ങളായ അനസ് എടത്തൊടിക, ഗുർജിന്ദർ കുമാർ, സന്തോഷ് ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റൻ വി. മിഥുൻ എന്നിവരുടെ സാന്നിധ്യം ടീമിന്റെ കരുത്തറിയിക്കുന്നതാണ്.
ഐറ്റോർ അൽദാലുർ, പെഡ്രോ മാൻസി, ജോസെബ ബെയിറ്റിയ, അലക്സ് സാഞ്ചസ്, റൂബൻ ഗാർസസ്, സെർജിയോ ബാർബോസ എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യങ്ങൾ.