കിരീട സ്വപ്നവുമായി ബ്ലാസ്റ്റേഴ്സ്
Friday, September 6, 2024 12:08 AM IST
ജെറി എം. തോമസ്
കൊച്ചി: പതിനൊന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എൽ) ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബക്കി നില്‍ക്കേ കിരീട പോരാട്ടത്തിന് അരയും തലയും മുറുക്കി ടീമുകൾ.
കൊച്ചിയില്‍ നടന്ന മീഡിയ ഡേയില്‍ ടീമുകള്‍ പുതിയ സീസണിലേക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സി, ബംഗളൂരു എഫ്സി, എഫ്സി ഗോവ, ഐഎസ്എല്‍ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എന്നീ ടീമുകളാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
കിരീട വരള്‍ച്ചയ്ക്ക് പുതിയ കോച്ചിന് കീഴില്‍ അറുതി വരുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. സ്വീഡിഷ് പരിശീലകന് മിഖേല്‍ സ്റ്റാറെയും കിരീടം സ്വപ്നം കാണുന്നു.
ഡ്യൂറന്‍ഡ് കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനെ അളക്കാനാവില്ലെന്ന് സ്റ്റാറെ പറയുന്നു. 11 വര്‍ഷമായിട്ടും ഒരു കിരീടവും നേടാത്ത ബ്ലാസ്റ്റേഴ്സിന് ഇത്തവണ മാറ്റമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കിരീടംതന്നെയാണ് ലക്ഷ്യം. പക്ഷേ, അതൊട്ടും എളുപ്പമല്ല. ഐഎസ്എലില്‍ എല്ലാം മികച്ച ടീമുകളാണ്. കളികള്‍ കഠിനമാകും. ടീമിനൊപ്പം ചേര്‍ന്നിട്ട് 64 ദിവസമായതേയുള്ളൂ. കേരളത്തില്‍ കാലുകുത്തിയിട്ട് ഏതാനും മണിക്കൂറുകളും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ചോ ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചോ പറയാറായിട്ടില്ലെന്നും സ്റ്റാറെ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെക്കുറിച്ച് കേട്ടിട്ടുണ്ട്. അതാണ് ഇവിടെ എത്തിയതിന് പിന്നിലെ കാരണം. തായ്ലന്ഡില് മികച്ച സൗകര്യങ്ങളിലാണ് ഒരു മാസം പരിശീലനം നടത്തിയത്. പ്രീസീസണ് ഒരുക്കങ്ങളില്‍ വളരെ സന്തുഷ്ടനാണ് - സ്റ്റാറെ വ്യക്തമാക്കി.