2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യക്കു ചരിത്ര മെഡൽ നേട്ടം
Thursday, September 5, 2024 12:00 AM IST
പാരീസ്: പാരാലിന്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽക്കൊയ്ത്തുമായി ഇന്ത്യ പാരീസിൽ റിക്കാർഡ് നേട്ടമാഘോഷിച്ചു മുന്നേറ്റം തുടരുന്നു. 2020 ടോക്കിയോയിൽ കുറിച്ച 19 മെഡൽ എന്ന റിക്കാർഡാണ് പാരീസിൽ തകർന്നത്.
ഈ മാസം എട്ടുവരെ നീളുന്ന 2024 പാരീസ് ഒളിന്പിക്സിൽ മൂന്നു സ്വർണം, എട്ടു വെള്ളി, 10 വെങ്കലം എന്നിങ്ങനെ 21 മെഡൽ ഇന്ത്യൻ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. 2020 ടോക്കിയോ പാരാലിന്പിക്സിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 19 മെഡലായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്.
അടിപൊളി അത്ലറ്റിക്സ്
പാരീസിൽ ഇന്ത്യ ഇതുവരെ ഏറ്റവും കൂടുതൽ മെഡൽ നേടിയത് അത്ലറ്റിക്സിലൂടെയായിരുന്നു. ഒരു സ്വർണം, അഞ്ചു വീതം വെള്ളി, വെങ്കലം എന്നിങ്ങനെ 11 മെഡൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ ഏറ്റവും അവസാനം എത്തിയത് സച്ചിൻ ഖിലാരിയുടെ വെള്ളിയാണ്.
ഇന്നലെ നടന്ന പുരുഷ എഫ് 46 ഷോട്ട്പുട്ടിലായിരുന്നു സച്ചിന്റെ വെള്ളിക്കിലുക്കം. 2023, 2024 ലോക പാരാ ചാന്പ്യൻഷിപ്പിൽ സ്വർണ ജേതാവായ സച്ചിൻ ഖിലാരിയുടെ കന്നി പാരാലിന്പിക് മെഡലാണ്. നേരിയ വ്യത്യാസത്തിനായിരുന്നു സച്ചിനു സ്വർണം നഷ്ടപ്പെട്ടത്. 16.32 മീറ്റർ സച്ചിൻ ക്ലിയർ ചെയ്തു. 16.38 മീറ്ററുമായി കാനഡയുടെ ഗ്രെഗ് സ്റ്റീവർട്ട് സ്വർണം സ്വന്തമാക്കി. 16.27 മീറ്റർ ഷോട്ട് എറിഞ്ഞ ക്രൊയേഷ്യയുടെ ലൂക്ക ബകോവിച്ചിനാണ് ഈയിനത്തിൽ വെങ്കലം.
മാരിയപ്പനെ കടന്ന ശരദ്
പുരുഷ വിഭാഗം ടി63 ഹൈജംപിൽ ടോക്കിയോയിൽ വെള്ളി നേടിയ മാരിയപ്പൻ തങ്കവേലുവിനെ പിന്തള്ളി ഇന്ത്യക്കായി ശരദ് കുമാർ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്നതിനും പാരീസ് സാക്ഷ്യംവഹിച്ചു. 2020 ടോക്കിയോ പാരാലിന്പിക്സിൽ മാരിയപ്പനു പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ശരദ്.
1.88 മീറ്ററാണ് ശരദ് കുമാർ ക്ലിയർ ചെയ്തത്. 1.85 മീറ്ററുമായി മാരിയപ്പൻ വെങ്കലം സ്വന്തമാക്കി. അമേരിക്കയുടെ എസ്ര ഫ്രച്ചിനാണ് (1.94 മീറ്റർ) സ്വർണം. പാരാലിന്പിക്സ് റിക്കാർഡ് കുറിച്ചാണ് അമേരിക്കൻ താരം മെഡലണിഞ്ഞത്. മൂന്നു വ്യത്യസ്ത പാരാലിന്പിക്സുകളിൽ മെഡൽ നേടുന്ന രണ്ടാമത് ഇന്ത്യൻ താരം എന്ന നേട്ടം മാരിയപ്പൻ സ്വന്തമാക്കി.
ദീപ്തിയുടെ ചരിത്ര നേട്ടം
വനിതാ 400 മീറ്റർ ടി20 ഓട്ടത്തിൽ ഇന്ത്യയുടെ ദീപ്തി ജീവൻജി വെങ്കലത്തിൽ മുത്തമിട്ടു. 55.82 സെക്കൻഡിലാണ് ദീപ്തി ഫിനിഷിംഗ് ലൈൻ കടന്നത്. ഹീറ്റ്സിലെ (55.45) പ്രകടനം ഫൈനലിൽ ആവർത്തിക്കാൻ ദീപ്തിക്കു സാധിച്ചില്ല. യുക്രെയ്നിന്റെ യൂലിയ ഷൂലിയാർ (55.16), തുർക്കിയുടെ ഐസൽ ഒണ്ടർ (55.23) എന്നിവർക്കാണ് ഈയിനത്തിൽ സ്വർണവും വെള്ളിയും.
പാരാലിന്പിക്സിൽ അത്ലറ്റിക്സിലൂടെ മെഡൽ നേടുന്ന രണ്ടാമത് ഇന്ത്യൻ വനിതാ താരം എന്ന നേട്ടം ഇതോടെ ദീപ്തി സ്വന്തമാക്കി. പാരീസിൽ 100 ടി35, 200 ടി35 ഇനങ്ങളിൽ വെങ്കലം നേടിയ പ്രീതി പാലാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2024 ലോക ചാന്പ്യൻഷിപ്പ് സ്വർണ ജേതാവാണ് ദീപ്തി.
ജാവലിനിൽ ഡബിൾ
പുരുഷ എഫ്64 വിഭാഗത്തിൽ സുമിത് അന്റിൽ സ്വർണം നേടിയതിനു പിന്നാലെ ജാവലിൻത്രോയിൽ ഇന്ത്യക്കു വീണ്ടും മെഡൽ കിലുക്കം. പുരുഷ വിഭാഗം എഫ്46 ജാവലിൻത്രോയിൽ ഇന്ത്യയുടെ അജിത് സിംഗ് യാദവ് വെള്ളിയും സുന്ദർ സിംഗ് ഗുർജാർ വെങ്കലവും സ്വന്തമാക്കി. 65.62 മീറ്ററാണ് അജിത് സിംഗ് യാദവ് ക്ലിയർ ചെയ്തത്.
സുന്ദർ സിംഗ് 64.96 മീറ്ററും. ക്യൂബയുടെ ഗ്വില്ലെർമൊ ഗോണ്സാലസിനാണ് (66.14) സ്വർണം. സുന്ദർ സിംഗ് 2020 ടോക്കിയോ പാരാലിന്പിക്സിൽ വെങ്കലം നേടിയിരുന്നു. അജിത്തിന്റെ കന്നി പാരാലിന്പിക് മെഡലാണ്.