വിരമിക്കൽ ഉടനില്ല
Tuesday, September 3, 2024 11:30 PM IST
ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോളിൽനിന്ന് ഉടൻ വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻസ് ലീഗ് മത്സരത്തിനായി സ്വന്തം നാട്ടിലെത്തിയപ്പോഴാണ് മുപ്പത്തൊന്പതുകാരനായ റൊണാൾഡോ വിരമിക്കൽ ഉടനില്ലെന്നു തുറന്നു പറഞ്ഞത്.
അഞ്ചു തവണ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോർ സ്വന്തമാക്കിയ താരമാണ് റൊണാൾഡോ. നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി കളിക്കുന്ന റൊണാൾഡോയുടെ പേരിലാണ് രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം, ഗോൾ തുടങ്ങിയ റിക്കാർഡുകൾ. 212 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 130 ഗോളാണ് റൊണാൾഡോ പോർച്ചുഗൽ ദേശീയ ജഴ്സിയിൽ സ്വന്തമാക്കിയത്.