പാരാലിന്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 15 ആയി
Tuesday, September 3, 2024 11:30 PM IST
പാരീസ്: 2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത്. മൂന്നു സ്വർണവും അഞ്ചു വെള്ളിയും ഏഴ് വെങ്കലവും അടക്കം 15 മെഡൽ ഇന്ത്യ ഇതിനോടകം സ്വന്തമാക്കി.
ഇന്ത്യയുടെ സൂപ്പർ ജാവലിൻത്രോ താരം സുമിത് അന്റിൽ 2020 ടോക്കിയോ പാരാലിന്പിക്സിലെ സ്വർണം പാരീസിലും നിലനിർത്തി. ഇതോടെയാണ് ഇന്ത്യയുടെ സ്വർണ നേട്ടം മൂന്നായത്.
പുരുഷ ജാവലിൻത്രോ എഫ്64ൽ 70.59 മീറ്റർ ദൂരം കുറിച്ച് സുമിത് പാരീസിൽ സ്വർണമണിഞ്ഞു.
പാരാലിന്പിക് സ്വർണം നിലനിർത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന റിക്കാർഡും സുമിത് അന്റിൽ കുറിച്ചു. മാത്രമല്ല, പാരാലിന്പിക് റിക്കാർഡോടെയാണ് സുമിത്തിന്റെ സ്വർണ നേട്ടം. 2020 ടോക്കിയോയിൽ സുമിത് കുറിച്ച 68.55 മീറ്റർ എന്ന റിക്കാർഡ് 70.59 ആക്കിയാണ് സുമിത് പരിഷ്കരിച്ചത്.
പുരുഷ, വനിതാ ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ വെള്ളിയണിഞ്ഞു. വനിതാ സിംഗിൾസ് എസ് യു 5ൽ തുളസിമതി മുരുകേശനും പുരുഷ സിംഗിൾസ് എസ്എൽ4ൽ സുഹാസ് യതിരാജും ഇന്ത്യൻ അക്കൗണ്ടിൽ വെള്ളി എത്തിച്ചു.
വനിതാ സിംഗിൾസ് എസ് യു 5ൽ ഇന്ത്യയുടെ മനീഷ രാംദാസും വനിതാ സിംഗിൾസ് എസ്എച്ച്6ൽ നിത്യ ശിവനും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കി. ഇതിനിടെ അന്പെയ്ത്ത് മിക്സഡ് ടീം ഇനത്തിലും ഇന്ത്യ വെങ്കലമണിഞ്ഞു.