ഒളിന്പിക് കണക്കിലെ തുക കിട്ടിയില്ല സർ...!
Wednesday, August 14, 2024 12:27 AM IST
ഹൈദരാബാദ്: പാരീസ് ഒളിന്പിക്സിനുവേണ്ടിയുള്ള മുന്നൊരുക്കത്തിനായി 1.5 കോടി രൂപ തനിക്കു നൽകിയെന്ന റിപ്പോർട്ടിനെതിരേ ബാഡ്മിന്റണ്‍ ഡബിൾസ് താരം അശ്വിനി പൊന്നപ്പ രംഗത്ത്. അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും തനിക്ക് ഒരിടത്തുനിന്നും പണം ലഭിച്ചിട്ടില്ലെന്നും അശ്വിനി പൊന്നപ്പ പറഞ്ഞു.
ഇന്ത്യൻ ബാഡ്മിന്റണ്‍ സംഘത്തിനു പാരീസ് ഒളിന്പിക്സിൽ ഒരു മെഡൽ പോലും നേടാൻ സാധിക്കാതിരുന്നതിനെ പ്രകാശ് പദുക്കോണ്‍ വിമർശിച്ചതിനു പിന്നാലെയാണ് പണം ലഭിച്ചിട്ടില്ലെന്ന അശ്വിനിയുടെ വെളിപ്പെടുത്തൽ.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ടാർഗറ്റ് ഒളിന്പിക് പോഡിയം സ്കീമിന്റെ (ടിഒപിഎസ്) കീഴിലുള്ളവർക്കായി കോടികൾ മുടക്കിയെന്ന കണക്ക് പാരീസ് ഒളിന്പിക്സിനു മുന്‍പുതന്നെ പുറത്തുവന്നിരുന്നു.
ടാർഗറ്റ് ഒളിന്പിക് പോഡിയം സ്കീമിൽ ഉൾപ്പെടുത്തി പാരീസ് ഒളിന്പിക്സിൽ പങ്കെടുത്ത മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും വനിതാ ഡബിൾസ് സഖ്യമായ അശ്വിനി പൊന്നപ്പ-ടാനിഷ എന്നിവർക്ക് 1.5 കോടി വീതവും പി.വി. സിന്ധുവിന് 3.13 കോടി രൂപയും ചെലവഴിച്ചതായാണ് കണക്ക്.
സിന്ധുവിന്റെ ജർമനിയിലെ പരിശീലനത്തിനും ലക്ഷ്യ സെന്നിന്റെ ഫ്രാൻസിലെ പരിശീലനത്തിനുമായി യഥാക്രമം 26.60, 9.33 ലക്ഷം രൂപ വീതവും കേന്ദ്രസർക്കാർ ചെലവഴിച്ചെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പാരീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബാഡ്മിന്റണ്‍ താരങ്ങൾക്കുവേണ്ടിമാത്രം 72.03 കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചതായാണ് റിപ്പോർട്ട്.
മുടക്കിയത് 470 കോടി; കിട്ടിയത് ആറു മെഡൽ!
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) മിഷൻ ഒളിന്പിക് സെൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 2024 പാരീസ് ഒളിന്പിക്സിനായി കേന്ദ്രസർക്കാർ 470.34 കോടി രൂപ ചെലവിട്ടു. ഇന്ത്യക്കു ലഭിച്ചത് ഒരു വെള്ളിയും അഞ്ചു വെങ്കലവുമടക്കം ആറു മെഡൽ. 16 ഇനങ്ങളിലായി 117 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 33-ാം ഒളിന്പിക്സിൽ പങ്കെടുത്തത്.
പുരുഷ ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്രയ്ക്കുവേണ്ടി 5.72 കോടി മുടക്കിയതായാണ് കണക്ക്. വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിനായി 41.81 കോടിയും ഇരട്ട വെങ്കലം നേടിയ വനിതാ ഷൂട്ടിംഗ് താരം മനു ഭാകറിനായി 1.68 കോടിയും മുടക്കിയെന്നും രേഖകളിൽ പറയുന്നു.
പാരീസ് ഒളിന്പിക്സിനായി കേന്ദ്രസർക്കാർ ചെലവിട്ടതായുള്ള കണക്ക് രൂപയിൽ:
അന്പെയ്ത്ത്: 39.18 കോടി
അത്ലറ്റിക്സ്: 96.08 കോടി
ബാഡ്മിന്റണ്‍: 72.03 കോടി
ബോക്സിംഗ്: 60.93 കോടി
അശ്വാഭ്യാസം: 95.42 ലക്ഷം
ഗോൾഫ്: 1.74 കോടി
ഹോക്കി: 41.30 കോടി
ജൂഡോ: 6.33 കോടി
തുഴച്ചിൽ: 3.89 കോടി
സെയ്ലിംഗ്: 3.78 കോടി
ഷൂട്ടിംഗ്: 60.42 കോടി
നീന്തൽ: 3.90 കോടി
ടിടി: 12.92 കോടി
ടെന്നീസ്: 1.67 കോടി
ഭാരോദ്വഹനം: 27 കോടി
ഗുസ്തി: 37.80 കോടി