ഹോളിവുഡിൽ...
Tuesday, August 13, 2024 2:23 AM IST
പാരീസിലെ സ്റ്റെഡ് ഡെ ഫ്രാൻസിന്റെ റൂഫ് ടോപ്പിൽനിന്ന് ടോം ക്രൂസ് പറന്നിറങ്ങി... ആരാധകരെ ആവേശത്തിലാക്കി സ്റ്റേഡിയത്തിന്റെ ഹൃദയത്തിലേക്കെത്തിയ ടോം ക്രൂസ് ലോസ് ആഞ്ചലസ് മേയർ കാറെൻ ബാസിൽനിന്ന് ഒളിന്പിക് പതാകയേറ്റുവാങ്ങുന്പോൾ അരികെ ബ്ലാക്ക് ആൻഡ് വൈറ്റ് കോന്പിനേഷൻ ഡ്രസണിഞ്ഞ്, ഇടതു കാലിൽ കറുത്ത ഷൂവും വലതുകാലിൽ വെളുത്ത ഷൂവും ധരിച്ച് അമേരിക്കൻ ജിംനാസ്റ്റ് സിമോണ്‍ ബൈൽസ്. ആഡംബര മോട്ടോർബൈക്കിനു പിന്നിൽ ഒളിന്പിക് പതാകയുമായി ആരാധകർക്കിടയിലൂടെ ടോം ക്രൂസ് സ്റ്റെഡിയത്തിലേക്ക്.
തുടർന്ന് പ്രത്യേകമായി തയാറാക്കിയ വിമനത്തിന്റെ കാർഗോയിലേക്ക് മോട്ടോർബൈക്ക് ഓടിച്ചു കയറി. പാരീസിൽനിന്ന് വിമാനം നേരേ ലോസ് ആഞ്ചലസിലേക്ക്. പാരച്യൂട്ടിൽ ലോസ് ആഞ്ചലസിലെ സിൽവർ മലമുകളിലേക്കു പറന്നിറങ്ങിയ ടോം ക്രൂസ്, ഹോളിവുഡ് എന്നെഴുതിയതിൽ ഒളിന്പിക് വളയം തീർത്തു... അങ്ങനെ ഹോളിവുഡ് സ്റ്റൈലിൽ 2028 ഒളിന്പിക്സിനായി ലോസ് ആഞ്ചലസ് ലോകത്തെ ക്ഷണിച്ചു...
പാരീസ് ഒളിന്പിക്സിന്റെ സമാപന സമ്മേളനത്തിലാണ് ഹോളിവുഡ് നടൻ ടോം ക്രൂസിന്റെ ഈ മാസ്മരിക പ്രകടനം. ഒളിന്പിക് പതാകയുമായി സ്റ്റെഡ് ഡെ ഫ്രാൻസ് സ്റ്റേഡിയത്തിലേക്ക് മോട്ടോർബൈക്കിൽ ടോം ക്രൂസ് എത്തുന്നതുവരെ മാത്രമാണ് സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നത്. തുടർന്നുള്ള ദൃശ്യങ്ങൾ മാർച്ചിൽ ഷൂട്ട് ചെയ്തുവച്ചതാണെന്നതു പിന്നാന്പുറ രഹസ്യംമാത്രം. ഏതായാലും ലോസ് ആഞ്ചലസ് ആതിഥേയത്വംവഹിക്കുന്ന 2028 ഒളിന്പിക്സിൽ കാണാമെന്ന ആശംസകളുമായി പാരീസ് ഒളിന്പിക്സിനുശേഷം ഏവരും വഴിപിരിഞ്ഞു.
മർഷോങ്, ബൈൽസ്
പാരീസ് ഒളിന്പിക്സിൽ നാലു സ്വർണം സ്വന്തമാക്കിയ ഫ്രഞ്ച് നീന്തൽതാരം ലെയോണ്‍ മർഷോങ്, തുയറി ഗാർഡനിലെ ഒളിന്പിക് ബലൂണ്‍ അണച്ച് ദീപം സ്റ്റെഡ് ഡെ ഫ്രാൻസിലേക്കു കൊണ്ടുവന്നതോടെയായിരുന്നു 33-ാം ലോക കായികമാമാങ്കത്തിന്റെ സമാപന സമ്മേളനം തുടങ്ങിയത്. ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാഷിൽനിന്ന് ഒളിന്പിക് പതാക ലോസ് ആഞ്ചലസ് മേയർ കാറെൻ ബാസ് ഏറ്റുവാങ്ങി. അമേരിക്കൻ ജിംനാസ്റ്റ് സിമോണ്‍ ബൈൽസ് കാറെനൊപ്പമുണ്ടായിരുന്നു.
സമാപന സമ്മേളനത്തിൽ ഇന്ത്യയുടെ ദേശീയ പതാക ഷൂട്ടിംഗ് താരം മനു ഭാകറും മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷും ചേർന്നു കൈയിലേന്തി. സംഗീതവും നൃത്തവും കരിമരുന്നു പ്രയോഗവുമെല്ലാമായി 33-ാം ഒളിന്പിക്സിനു പാരീസ് ഗംഭീര യാത്രയയപ്പു നൽകി.
ലൗ @ പാരീസ്
സമാപന സമ്മേളനത്തിൽ 9,000 കായിക താരങ്ങളാണ് പങ്കെടുത്തത്. ഏറ്റവും കൂടുതൽ കാണികൾ, ഏറ്റവും കൂടുതൽ ഹാജർ, ഏറ്റവും കൂടുതൽ വനിതാ പങ്കാളിത്തം എന്നിങ്ങനെ റിക്കാർഡുകൾ പാരീസിൽ കുറിക്കപ്പെട്ടു. ഏറ്റവും കൂടുതൽ വിവാഹ അഭ്യർഥന എന്ന മറ്റൊരു റിക്കാർഡും പാരീസ് ഒളിന്പിക്സിനിടെ പിറന്നതായി അധികൃതർ അറിയിച്ചു.
ചൈനീസ് മിക്സഡ് ഡബിൾസ് ബാഡ്മിന്റണ്‍ താരങ്ങളായ ഹുവാങ് യാകിയോഗ്-ലിയു യുചെൻ, ഫ്രഞ്ച് സൈക്ലിസ്റ്റ് റൊമെയ്ൻ മഹിയു-ഓസ്ട്രേലിയൻ വനിതാ സൈക്ലിസ്റ്റ് സയ സകാകിബറ തുടങ്ങിയവരെല്ലാം പാരീസ് ഒളിന്പിക് മെഡൽ നേട്ടങ്ങൾക്കു പിന്നാലെ വിവാഹാഭ്യർഥന നടത്തിയവരുടെ പട്ടികയിൽപ്പെടുന്നു.