സൗന്ദര്യം ശാപം!
Saturday, August 10, 2024 2:11 AM IST
പാരീസ്: ഈശ്വരാ എനിക്കെന്തിനിത്ര സൗന്ദര്യം തന്നൂ എന്ന തമാശ ചോദ്യം ഒരുപക്ഷേ ഇപ്പോള്‍ ഏറ്റവും യോജിക്കുക പരാഗ്വെന്‍ നീന്തല്‍ താരം ലുവാന അലോണ്സോയ്ക്കാണ്.
തമാശ ചോദ്യമല്ല, കാര്യഗൗരവത്തോടെയുള്ള ചോദ്യമാണ് ലുവാനയ്ക്കു യോജിക്കുക എന്നുമാത്രം. 2024 പാരീസ് ഒളിമ്പിക്സില്‍ സൗന്ദര്യം ശാപമായി ടീമില്‍നിന്നു പുറത്താക്കപ്പെട്ട താരമാണ് ലുവാന അലോണ്‍സോ.
പരാഗ്വെയുടെ നീന്തല്‍ ടീമംഗമായിരുന്നു ലുവാന. സ്വന്തം ടീമിലെ കളിക്കാരുടെവരെ ശ്രദ്ധ തെറ്റുന്നു എന്ന കാരണത്താല്‍ ലുവാനയെ പാരാഗ്വെ പാരീസില്‍നിന്നു തിരികെ വിളിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാരീസ് ഒളിമ്പിക്സിലെത്തിയ കായിക താരങ്ങളിലെ സുന്ദരിയെന്ന നിലയില്‍ ലുവാന തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ലുവാനയുടെ ചിത്രങ്ങള്‍ക്ക് വന്‍ ആരാധകരാണുണ്ടായെന്നതും ശ്രദ്ധേയം.
പാരീസ് ഒളിമ്പിക്സില്‍നിന്നു തിരികെ വിളിക്കപ്പെട്ടതിനു പിന്നാലെ ലുവാന നീന്തലില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.
പാരീസ് ഒളിമ്പിക്സില്‍ വനിതാ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിലാണ് ഇരുപതുകാരിയായ ലുവാന അലോണ്‍സോ പരാഗ്വെയെ പ്രതിനിധീകരിച്ചത്. ഹീറ്റ്സില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ മാത്രമേ താരത്തിനു സാധിച്ചുള്ളൂ.