ഏതു ഫോര്‍മാറ്റിലും കളിക്കാന്‍ തയാര്‍: സഞ്ജു
Saturday, August 10, 2024 2:11 AM IST
തിരുവനന്തപുരം: ട്വിന്റി 20 എന്നോ ഏകദിനമെന്നോ ടെസ്റ്റ് മത്സരങ്ങളെന്നോ വ്യത്യാസമില്ലാതെ ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റില്‍ കളിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും അതനുസരിച്ചാണ് താന്‍ കളിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്.
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളത്തിലാണ് സഞ്ജുവിന്റെ പ്രതികരണം.
ടീമില്‍ ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ തയാറാണ്. ടീം ആവശ്യപ്പെടുന്ന സ്ഥാനത്താണ് കളിക്കാന്‍ ഇറങ്ങുന്നത്. വിമര്‍ശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. ആരാധകര്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ടീം ഇന്ത്യയുടെ പുതിയ പരിശീലകന് ഗൗതം ഗംഭീറില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
കേരളത്തിനായി രഞ്ജിട്രോഫി കളിക്കണമെന്നാഗ്രഹിച്ച തനിക്ക് ലോകകപ്പ് ഇന്ത്യന്‍ ടീമിന്റെ ഭാഗം വരെ ആകാന്‍ കഴിഞ്ഞു. വലിയ ഒരു ഭാഗ്യമാണതെന്നും സഞ്ജു പറഞ്ഞു.