ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു
Friday, August 9, 2024 1:27 AM IST
ഇന്ത്യൻ പുരുഷ ഹോക്കിയിൽ ഇതിഹാസങ്ങളുടെ പട്ടിയിൽ തന്റെ പേരുചേർത്ത് മലയാളശ്രീയായ പി.ആർ. ശ്രീജേഷ് കളംവിട്ടു. 2024 പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ വെങ്കലത്തിലെത്തിച്ച് ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു. പാരീസ് ഒളിന്പിക്സിനു മുന്പുതന്നെ മുപ്പത്താറുകാരനായ ശ്രീജേഷ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഒളിന്പിക്സായിരിക്കും തന്റെ അവസാന പോരാട്ടവേദിയെന്ന് കഴിഞ്ഞ മാസം 22നു സോഷ്യൽ മീഡിയയിൽ ശ്രീജേഷ് അറിയിച്ചു.
ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് എറണാകുളം കിഴക്കന്പലം സ്വദേശിയായ ശ്രീജേഷ്. പദ്മശ്രീ (2017), ഖേൽരത്ന (2021) പുരസ്കാരങ്ങൾ നൽകി രാജ്യം ശ്രീജേഷിനെ ആദരിച്ചിട്ടുണ്ട്. 2022ൽ ലോകത്തെ മികച്ച കായിക താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് ശ്രീജേഷ്.
18 വർഷം നീണ്ട കരിയർ
18 വർഷം നീണ്ട കരിയറിനാണ് 2024 പാരീസ് ഒളിന്പിക്സോടെ ശ്രീജേഷ് വിരാമമിട്ടത്. തിരുവനന്തപുരം ജി.വി. രാജ സ്കൂളിലൂടെ ആരംഭിച്ച കരിയറിന് പ്രകാശനഗരിയായ പാരീസിൽ അവസാനം. 2024 പാരീസ് ഒളിന്പിക്സിലെ എട്ടു മത്സരങ്ങളടക്കം 336 രാജ്യാന്തര പോരാട്ടങ്ങളിൽ ശ്രീജേഷ് ഇന്ത്യൻ ഗോൾവല കാത്തു. ഇന്ത്യക്കൊപ്പം ശ്രീജേഷ് ഇറങ്ങിയ നാലാം ഒളിന്പിക്സാണ് പാരീസ് 2024.
ചരിത്ര മലയാളി
രണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളി എന്ന ചരിത്രവും ശ്രീജേഷിനു സ്വന്തം. ഒളിന്പിക് മെഡലുള്ള രണ്ടു മലയാളികളിൽ ഒരാളാണ് ശ്രീജേഷ്. കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക്കായിരുന്നു കേരളത്തിലേക്ക് ആദ്യമായി ഒളിന്പിക് മെഡലെത്തിച്ചത്.
1972 മ്യൂണിക് ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്ക്. ഹോക്കി ഗോൾകീപ്പർമാരിലൂടെയാണ് കേരളത്തിലേക്ക് ഒളിന്പിക് മെഡൽ എത്തിയതെന്നതും മറ്റൊരു ചരിത്ര സത്യം.
അച്ഛൻ പശുവിനെ വിറ്റാണ് തനിക്ക് ആദ്യമായി ഒരു ഹോക്കി കിറ്റ് വാങ്ങിത്തന്നതെന്ന് ശ്രീജേഷ് വെളിപ്പെടുത്തിയിരുന്നു. അച്ഛന്റെ ആ ത്യാഗം തനിക്കുള്ളിൽ അഗ്നിയാണ് പടർത്തിയതെന്നും ശ്രീജേഷ് ഓർമിച്ചിരുന്നു.