തൂക്കം 100 ഗ്രാം കൂടുതലെന്നു കണ്ടെത്തൽ; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
Thursday, August 8, 2024 12:39 AM IST
പാരീസ്: 140 കോടിയിലധികമുള്ള ഇന്ത്യക്കാരുടെ ഒളിന്പിക് സ്വർണ സ്വപ്നം തകർത്ത് 100 ഗ്രാം തുലാസിലാടി... ഇന്ത്യൻ ജനതയുടെ ഹൃദയഭാരമായി 100 ഗ്രാം മാറിയപ്പോൾ ഗോദയിൽ വിയർപ്പിനു പകരം കണ്ണീർ വീണു.
പാരീസ് ഒളിന്പിക്സ് വനിതാ 50 കിലോഗ്രാം വിഭാഗം ഗുസ്തി ഫൈനലിനു മുന്പാണ് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. ചരിത്ര മെഡലിലേക്കുള്ള സ്വപ്നക്കുതിപ്പിനു വിഘ്നമായി വിനേഷിന്റെ തൂക്കം 50.1 കിലോഗ്രാം എന്നു തുലാസിൽ അടയാളപ്പെടുത്തപ്പെട്ടു.
ഫലത്തിൽ ഫൈനലിൽനിന്ന് വിനേഷ് പുറത്താക്കപ്പെട്ടു, ഒളിന്പിക് ഗുസ്തിയിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ഫോഗട്ടിന്റെയും ഇന്ത്യയുടെയും ഹൃദയം തകർന്ന നിമിഷം.
2020 ടോക്കിയോ ഒളിന്പിക്സ് വെങ്കല മെഡൽ ജേതാവായ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെയായിരുന്നു ഇന്നലെ രാത്രി 11.20നു നടക്കേണ്ടിയിരുന്ന ഫൈനലിൽ വിനേഷ് ഫോഗട്ട് നേരിടേണ്ടിയിരുന്നത്.
ചാന്പ്യനെ അട്ടിമറിച്ച മുന്നേറ്റം
2020 ടോക്കിയോ ഒളിന്പിക്സ് സ്വർണ ജേതാവും നാലു തവണ ലോക ചാന്പ്യനുമായ ജാപ്പനീസ് താരം യുയി സുസാകിയെ പ്രീക്വാർട്ടറിൽ അട്ടിമറിച്ചായിരുന്നു വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ പ്രവേശിച്ചത്. 2-0നു പിന്നിൽനിന്നശേഷമായിരുന്നു യുയിയെ വിനേഷ് അട്ടിമറിച്ചത്.
ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും (7-5) സെമിയിൽ ക്യൂബയുടെ യുസ്നീലിസ് ലോപസിനെയും (5-0) തകർത്ത് ഫൈനലിൽ പ്രവേശിച്ചായിരുന്നു ഫോഗട്ട് പോരാട്ടത്തിന്റെ ആദ്യദിനം ഗോദ വിട്ടത്.
സെമിക്കുശേഷം 52.7 കിലോ
ചൊവ്വാഴ്ച രാത്രി നടന്ന സെമി ഫൈനലിനുശേഷം വിനേഷ് ഫോഗട്ടിന്റെ ഭാരം വർധിച്ചു. മത്സരശേഷം സാധാരണയായി ഇത്തരത്തിൽ ഭാരം വർധിക്കാറുള്ളതാണ്. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷ് ഫോഗട്ടിന്റെ തൂക്കം സെമിക്കുശേഷം 52.7 കിലോഗ്രാമിലേക്കുയർന്നു.
പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി പോരാട്ടങ്ങൾ നടന്ന ദിനം വിനേഷിന്റെ തൂക്കം 49.90 കിലോഗ്രാം ആയിരുന്നു എന്നതും ശ്രദ്ധേയം. മൂന്നു നോക്കൗട്ട് മത്സരങ്ങൾക്കുശേഷം അനുവദിക്കപ്പെട്ട തൂക്കത്തേക്കാൾ 2.7 കിലോഗ്രാമാണ് വിനേഷിനു വർധനവുണ്ടായത്. ഗുസ്തി താരങ്ങൾക്കു മൂന്നു കിലോഗ്രാംവരെ ഒരു ദിവസത്തെ മത്സരത്തിനുശേഷം ഭാരം വർധിക്കുന്നതു സാധാരണമാണ്.
യഥാർഥ തൂക്കം 57 കിലോ
വിനേഷ് ഫോഗട്ടിന്റെ യഥാർഥ തൂക്കം 57 കിലോഗ്രാമാണ്. ഒളിന്പിക്സ് പോരാട്ടത്തിൽ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്നതിനു വേണ്ടി ഭാരം കുറയ്ക്കുകയായിരുന്നു. 2016 റിയൊ ഒളിന്പിക്സിൽ തന്റെ 22-ാം വയസിൽ വിനേഷ് ഫോഗട്ട് മത്സരിച്ചത് 48 കിലോഗ്രാം വിഭാഗത്തിൽ.
പ്രായം വർധിക്കുന്നതനുസരിച്ച് വിനേഷിന്റെ ഭാരവും കൂടി. 2020 ടോക്കിയോ ഒളിന്പിക്സിൽ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരിച്ചത്. അതോടെ ഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. അതോടെ പരിക്കും പ്രശ്നങ്ങളുമലട്ടി.
പരിക്ക് പ്രശ്നമായതോടെ ആന്റിം പംഗൽ 53 കിലോഗ്രാം വിഭാഗത്തിൽ ഉദയം ചെയ്തു. ഫോഗട്ട് കിടപ്പിലായപ്പോൾ ആന്റിം 53 കിലോഗ്രാം വിഭാഗത്തിൽ ലോക ചാന്പ്യൻഷിപ് വെങ്കലം സ്വന്തമാക്കി പാരീസ് ഒളിന്പിക്സ് യോഗ്യത നേടി. അതോടെ 53 കിലോഗ്രാമിൽനിന്ന് 50 കിലോഗ്രാം വിഭാഗത്തിലേക്ക് ഇറങ്ങുകയല്ലാതെ വിനേഷിനു മാർഗമില്ലാതായി.
ഭാരം കണക്കാക്കൽ ഇങ്ങനെ
ഗുസ്തി ലോക ചാന്പ്യൻഷിപ് പോരാട്ടങ്ങളിൽ നിശ്ചിത കാറ്റഗറിയിൽ ഫൈനലിനു മുന്പു രണ്ടു കിലോഗ്രാംവരെ കൂടിയാൽ അയോഗ്യതയില്ല. എന്നാൽ, ഒളിന്പിക്സിൽ കാര്യങ്ങൾ അങ്ങനെയല്ല.
ഒളിന്പിക്സ് മത്സരത്തിന്റെ രാവിലെ ഗുസ്തി താരങ്ങളുടെ തൂക്കം പരിശോധിക്കും. ഓരോ വിഭാഗത്തിലെയും മത്സരങ്ങൾ രണ്ടുദിനമായാണ്. അതുകൊണ്ടുതന്നെ ഫൈനൽ അല്ലെങ്കിൽ റെപ്പഷെയിൽ പങ്കെടുക്കുന്ന ഏതു ഗുസ്തിക്കാരും രണ്ട് ദിവസവും രാവിലെ തൂക്കം നോക്കേണ്ടതുണ്ട്.
ആദ്യദിനം ഭാരം നോക്കാൻ 30 മിനിറ്റ് സമയമാണുള്ളത്. ഈ 30 മിനിറ്റിനിടെ എത്ര തവണ വേണമെങ്കിലും തൂക്കം പരിശോധിക്കാൻ ഗുസ്തി താരങ്ങൾക്ക് അവകാശമുണ്ട്. താരങ്ങൾക്കു പകർച്ചവ്യാധികൾ ഇല്ലെന്നും നഖങ്ങൾ തീരെ ചെറുതാണെന്നും ഉറപ്പുവരുത്തും.
രണ്ടാം ദിവസം (ഫൈനൽ, റെപ്പഷെ) മത്സരിക്കുന്ന ഗുസ്തിക്കാർക്ക് തൂക്കം നോക്കാൻ 15 മിനിറ്റാണുള്ളത്. മത്സരത്തിന്റെ രാവിലെ തന്നെ ഇതു പരിശോധിക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടാൽ ഏറ്റവും പിന്നിലെ സ്ഥാനത്തേക്കു പുറംതള്ളപ്പെടും.