സെയ്ൻ നദിയിൽ നീന്തി; പാരീസ് മേയർ വാക്കുപാലിച്ചു
Thursday, July 18, 2024 12:55 AM IST
പാരീസ്: ഒളിന്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഉദ്ഘാടനച്ചടങ്ങിനും വിവിധ മത്സരങ്ങൾക്കും വേദിയാകേണ്ട പാരീസിലെ സെയ്ൻ നദിയിൽ നീന്തി വാക്കുപാലിച്ച് പാരീസ് മേയർ ആൻ ഹിഡാല്‍ഗോ.
മലിനമായി കിടന്നിരുന്ന സെയ്ൻ നദി ഒളിന്പിക്സിനു മുന്‍പ് വൃത്തിയാക്കി മത്സര സജ്ജമാക്കുമെന്ന് മാസങ്ങൾക്കു മുന്‍പേ ആൻ പ്രഖ്യാപിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി നദിയിൽ നീന്തുമെന്നും മേയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ വേനൽ മഴയും ദേശീയ അസംബ്ലി തെരഞ്ഞെടുപ്പും മൂലം നീന്തൽ മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഇന്നലെ നദിയിൽ നീന്തി മേയർ വാക്കുപാലിച്ചു.
ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനും ട്രയാത്ലോണ്, മാരത്തണ്‍ നീന്തൽ മത്സരങ്ങൾക്കും സെയ്ൻ നദി വേദിയാകും.
ജൂണിന്റെ തുടക്കത്തിൽ ദിവസേനയുള്ള ജലഗുണനിലവാര പരിശോധനകളിൽ സെയ്ൻ നദിയിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടിയെന്നു സൂചിപ്പിച്ചു. പിന്നീട് മാരകമായ ബാക്ടീരിയയുടെ അളവിൽ കുറവുണ്ടായി. മേയറുടെ നീന്തലോടെ ആ ആശങ്കയൊഴിഞ്ഞു.
മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനാൽ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന് വിലക്കുള്ള നദിയായിരുന്നു സെയ്ൻ. ഇകോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായതാണ് സെൻ നദിയിൽ നീന്തൽ വിലക്കാൻ കാരണം. പാരീസ് ഒളിന്പിക്സ് തലവൻ ടോണി എസ്റ്റാൻഗ്വെറ്റും ആനിനൊപ്പം നദിയിലിറങ്ങി.
777 കിലോമീറ്റർ ദൈർഘ്യമുള്ള നദി വടക്കൻ ഫ്രാൻസിലൂടെയാണ് ഒഴുകുന്നത്.പാരീസ് നഗരത്തിന്റെ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നതും ഇവിടേക്കണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള നഗരമായതിനാൽ ഇവിടത്തെ അഴുക്കുചാലുകൾ ശാസ്ത്രീയമല്ല. ഇവിടെനിന്നുള്ള മാലിന്യം നേരിട്ടു നദിയിലെത്തും. ഇക്കാരണത്താൽ 1923-ൽത്തന്നെ ഇവിടെ നീന്തൽ നിരോധിച്ചിരുന്നു. 1990ൽ അന്നത്തെ പ്രസിഡന്റ് ജാക് ഷിറാക് നദി ശുചിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിജയകരമായില്ല.
ഒളിന്പിക്സിനു മുന്നോടിയായി 2015 മുതൽ നദിയെ മാലിന്യമുക്തമാക്കാനും അഴുക്കുചാൽ നവീകരണത്തിനുമായി ഏകദേശം 12000 കോടി രൂപയുടെ പദ്ധതി 2018-ൽ തുടങ്ങിയിരുന്നു. മാലിന്യം നദിയിലെത്തുന്നതുതടയാനും ജലം ശുദ്ധീകരിക്കാനുമായി കൂറ്റൻ ഭൂഗർഭ ജലസംഭരണിയും പണിതിരുന്നു.