ഹാർദിക് പാണ്ഡ്യയെ നായകനാക്കുന്നതിൽ ഭിന്നത
Tuesday, July 16, 2024 11:48 PM IST
ന്യൂഡൽഹി: ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ സ്ഥിരം നായകനായി നിയമിക്കുന്ന കാര്യത്തിൽ ബിസിസിഐയും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ ഭിന്നത. പാണ്ഡ്യയുടെ കായികക്ഷമതയെക്കുറിച്ചുള്ള ആശങ്കകളാണ് സ്ഥിരം നായകനാക്കുന്നതിൽ ഭിന്നതയ്ക്കിടയാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിൽ പാണ്ഡ്യ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ, താരത്തിന്റെ എട്ടു വർഷത്തെ അന്താരാഷ്ട്ര കരിയറിലുണ്ടായ ഗുരുതരമായ പരിക്കുകളുടെ പരന്പരയാണ് ഒരു ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യയിലുള്ള വിശ്വാസ്യതയിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.
കായികക്ഷമതയിലുള്ള ഉറപ്പില്ലായ്മകൊണ്ടുതന്നെ പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിൽനിന്നും പൂർണമായും മാറി നിൽക്കുകയാണ്. പാണ്ഡ്യക്ക് നായകസ്ഥാനം നല്കിയില്ലെങ്കിൽ ആ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവ് എത്താനാണ് സാധ്യത.
രോഹിത് ശർമയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ച സ്ഥിതിക്ക് സൂര്യകുമാറാണ് നിലവിൽ ഇന്ത്യയുടെ ഒന്നാംനന്പർ ട്വന്റി-20 ബാറ്റർ. ഏകദിന ലോകകപ്പിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ട്വന്റി-20 പരന്പരയിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും സൂര്യകുമാർ നായകനായുള്ള മികവ് തെളിയിച്ചതാണ്.
ട്വന്റി-20 നായകൻ ആരാകണമെന്നു തീരുമാനിക്കുന്ന കാര്യത്തിൽ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ സ്വാധീനം ഉണ്ടാകും. ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഗംഭീറിന്റെ കീഴിൽ സൂര്യകുമാർ കളിച്ചിട്ടുണ്ട്.
ഗംഭീറുമായുള്ള ആദ്യ സെലക്ഷൻ മീറ്റിംഗ് ഈ ആഴ്ച ചേരാനിരിക്കേ ബിസിസിഐക്കും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കും വലിയ തീരുമാനങ്ങളെടുക്കാനുള്ള സമയപരിധി കുറവാണ്. ഈ മീറ്റിംഗിനുശേഷം ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിക്കും. ശ്രീലങ്കൻ പര്യടനത്തോടെയാണ് ദേശീയ ടീമിന്റെ പരിശീലകനായി ഗംഭീർ തുടങ്ങുന്നത്.
ഏകദിനത്തിൽ ഹാർദിക് കളിച്ചേക്കില്ല
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിനത്തിൽ ഓൾറൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യ ഉണ്ടായേക്കില്ല. 27ന് ആദ്യ ട്വന്റി-20യോടെ ഇന്ത്യയുടെ ശ്രീലങ്ക പര്യടനത്തിനു തുടക്കമാകും. ഇന്ത്യയുടെ ട്വന്റി-20 ടീമിനെ പാണ്ഡ്യയാണ് നയിക്കുന്നത്. പരന്പരയിൽ മൂന്നു ട്വന്റി-20യാണുള്ളത്.
വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് പാണ്ഡ്യ ഏകദിന ടീമിൽനിന്നു വിട്ടുനിൽക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം സ്ഥിരം നായകൻ രോഹിത് ശർമയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, രോഹിത് പരന്പരയിൽ ഉണ്ടാകില്ല. മൂന്നു മത്സരങ്ങളാണ് ഏകദിന പരന്പരയിലുള്ളത്. ഓഗസ്റ്റ് രണ്ട്, നാല്, ഏഴ് തീയതികളിലാണ് ഏകദിന മത്സരങ്ങൾ.
ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാണ്ഡ്യ ഏകദിനത്തിൽ ഉണ്ടാകില്ലെന്ന് അറിയിച്ചതോടെ ക്യാപ്റ്റൻ സ്ഥാനം കെ.എൽ. രാഹുലിനോ ശുഭ്മാൻ ഗില്ലിനോ ലഭിക്കും.