പാരീസിൽ സുരക്ഷ ശക്തമാക്കി
Monday, July 15, 2024 11:58 PM IST
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
2024 ഒളിംപിക്സിനു തിരശീല ഉയരാൻ ഇനി വെറും 10 ദിനങ്ങൾ മാത്രം ബാക്കിനിൽക്കേ ഫ്രാൻസിലെ സുരക്ഷ ശക്തമാക്കി ഫ്രഞ്ച് ഭരണകൂടം. പാരീസിലെ തെരുവുകളിലും പ്രധാന കേന്ദ്രങ്ങളിലും ഒളിന്പിക്സ് മത്സരവേദികൾക്കു സമീപവും അതിശക്തമായ പോലീസ് വിന്യാസമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
31 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ആകെ 43 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 1,800 പോലീസ് ഓഫീസർമാർ പാരീസ് ഒളിന്പിക്സിനായി എത്തുന്നുണ്ടെന്നതും ശ്രദ്ധേയം. ഫ്രഞ്ച് സുരക്ഷാ സേനയുമായി ചേർന്ന് ഇവർ പ്രവർത്തിക്കും.
ഏകദേശം 30,000 മുതൽ 45,000 പോലീസിനെ ഇൽ ഡി ഫ്രാൻസ് റീജനിൽ (പാരീസ് ഉൾപ്പെടുന്ന ഫ്രാൻസിന്റെ തലസ്ഥാന മേഖല) വിന്യസിച്ചിട്ടുണ്ട്.
പാരീസിൽ മുൻപ് നടന്ന തീവ്രവാദി ആക്രമണങ്ങളുടെയും വിവിധ കോണുകളിൽ നിലവിൽ നടക്കുന്ന യുദ്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് 2024 ഒളിന്പിക്സിനുള്ള സുരക്ഷ ശക്തമാക്കിയത്.