ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം
Wednesday, June 19, 2024 12:22 AM IST
ആന്റിഗ്വ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. നാല് ഗ്രൂപ്പുകളിലായുള്ള പ്രാഥമിക റൗണ്ട് പോരാട്ടത്തിൽനിന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ എട്ടിലേക്ക് എത്തിയത്.
സഹ ആതിഥേയരായ അമേരിക്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുൾ ഗ്രൂപ്പ് ഘട്ടത്തിൽ സീഡ് ഇല്ലാതിരുന്നിട്ടും സൂപ്പർ എട്ടിൽ ഇടം നേടി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ, അമേരിക്ക, ബിയിൽനിന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സിയിൽനിന്ന് വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ഡിയിൽനിന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളാണ് സൂപ്പർ എട്ടിൽ പ്രവേശിച്ചത്. സീഡ് ഉണ്ടായിരുന്നിട്ടും പാക്കിസ്ഥാൻ, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾക്ക് ഗ്രൂപ്പ് ഘട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തിലെ സീഡിംഗ് ഇങ്ങനെയായിരുന്നു: ഗ്രൂപ്പ് എ: 1 ഇന്ത്യ, 2 പാക്കിസ്ഥാൻ. ഗ്രൂപ്പ് ബി: 1 ഇംഗ്ലണ്ട്, 2 ഓസ്ട്രേലിയ. ഗ്രൂപ്പ് സി: 1 ന്യൂസിലൻഡ്, 2 വെസ്റ്റ് ഇൻഡീസ്. ഗ്രൂപ്പ് ഡി: 1 ദക്ഷിണാഫ്രിക്ക, 2 ശ്രീലങ്ക.
◄യുഎസ് x ദക്ഷിണാഫ്രിക്ക►
ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്നാണ് അമേരിക്കയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, കാനഡ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ജനിച്ച് ക്രിക്കറ്റ് കളിച്ച് വളർന്നവരുടെ സംഘമാണ് യുഎസ്എ എന്നതാണ് വാസ്തവം. തികച്ചും അപ്രതീക്ഷിതമായി സൂപ്പർ എട്ടിൽ പ്രവേശിച്ച അമേരിക്കയ്ക്ക് ഇനിയെന്തു ചെയ്യാൻ സാധിക്കും എന്നതിനായാണ് ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ്. കന്നി ലോകകപ്പ് ട്വന്റി-20 കളിക്കുന്ന യുഎസ്എയ്ക്ക് സൂപ്പർ എട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞതുതന്നെ വലിയ നേട്ടമാണെന്നതും മറ്റൊരു വാസ്തവം.
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അമേരിക്ക ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് ഡിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, നെതർലൻഡ്സ്, നേപ്പാൾ ടീമുകൾക്കൊപ്പം കളിച്ച ദക്ഷിണാഫ്രിക്ക നാലു മത്സരത്തിലും ജയം നേടിയാണ് സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്. എന്നാൽ, മുൻനിര ബാറ്റർമാർ ഫോം കണ്ടെത്താത്തത് ദക്ഷിണാഫ്രിക്കയെ വിഷമത്തിലാക്കുന്നുണ്ട്.
മറുവശത്ത് പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ കീഴടക്കിയ അമേരിക്ക, ഇന്ത്യയോട് മാത്രമാണ് തോറ്റത്. കാനഡയെ കീഴടക്കിയപ്പോൾ അയർലൻഡിന് എതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.
◄മഴ, പിച്ച് ►
ആന്റിഗ്വയിലെ നോർത്ത് സൗണ്ടിലുള്ള സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിനെ പിന്തുണയ്ക്കുന്നതാണ്. എന്നിരുന്നാലും സ്പിന്നേഴ്സിന് ഇവിടെ മികച്ച പിന്തുണ ലഭിക്കാറുണ്ട്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടും നമീബിയയും തമ്മിലായിരുന്നു ഈ സ്റ്റേഡിയത്തിലെ അവസാന മത്സരം. മഴയെത്തുടർന്ന് വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 10 ഓവറിൽ 122/5 എന്ന സ്കോർ പടുത്തുയർത്തി. നമീബിയയുടെ സ്കോർ 10 ഓവറിൽ 84/3ൽ അവസാനിച്ചു.
ഇന്നത്തെ അമേരിക്ക x ദക്ഷിണാഫ്രിക്ക മത്സരത്തിലും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മത്സരം മഴയിൽ മുടങ്ങുമോ എന്നതാണ് കാത്തിരുന്നുകാണേണ്ടത്.