ഇംഗ്ലണ്ട് ഇന്ന് നമീബിയയ്ക്കെതിരേ, ജയിച്ചാൽ സൂപ്പർ എട്ട് സാധ്യത
Saturday, June 15, 2024 12:28 AM IST
ആന്റിഗ്വ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട് ഇന്ന് നിർണായക മത്സരത്തിന്. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഒമാനെ 101 പന്ത് ബാക്കിവച്ച് എട്ട് വിക്കറ്റിനു കീഴടക്കി ജീവൻ ടോണ്‍ നേടിയതിന്റെ ആശ്വാസത്തിലാണ് ഇംഗ്ലണ്ട്.
ആദ്യരണ്ട് മത്സരങ്ങളിൽ ഒരു തോൽവിയും ഒരു മത്സരം മഴയെത്തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തതോടെ ഇംഗ്ലണ്ടിന്റെ സൂപ്പർ എട്ട് സാധ്യത മങ്ങിയിരുന്നു. എന്നാൽ, ഒമാനെ എട്ട് വിക്കറ്റിന് തകർത്തതോടെ നെറ്റ് റണ്‍റേറ്റിലും ഇംഗ്ലണ്ട് വൻ കുതിപ്പ് നടത്തി.
13.2 ഓവറിൽ 47 റണ്‍സിന് ഒമാനെ എറിഞ്ഞിട്ട ഇംഗ്ലണ്ട്, 3.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റണ്‍സ് നേടി ജയം സ്വന്തമാക്കുകയായിരുന്നു. ആദിൽ റഷീദ് (4/11), ജോഫ്ര ആർച്ചർ (3 /12), മാർക്ക് വുഡ് (3/12) എന്നിവരുടെ ബൗളിംഗാണ് ഒമാനെ ചുരുട്ടിക്കെട്ടിയത്. ആദിൽ റഷീദാണ് പ്ലെയർ ഓഫ് ദ മാച്ച്.
◄ഇന്ന് ജയിച്ചാൽ മുന്നോട്ട് ►
ഗ്രൂപ്പ് ബിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് രാത്രി 10.30ന് നമീബിയയെ നേരിടും. ജയം സ്വന്തമാക്കിയാൽ ഇംഗ്ലണ്ടിന്റെ സൂപ്പർ എട്ട് സാധ്യത സജീവമായി നിലനിൽക്കും. തോൽക്കുകയോ മത്സരം ഉപേക്ഷിക്കുകയോ ചെയ്താൽ ഇംഗ്ലണ്ട് പുറത്താകും.
നിലവിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കി ഓസ്ട്രേലിയ ആറ് പോയിന്റോടെയും സ്കോട്ലൻഡ് അഞ്ച് പോയിന്റോടെയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്. രണ്ട് പോയിന്റുള്ള നമീബിയ നാലാം സ്ഥാനത്തുണ്ട്.
ഇന്ന് നമീബിയയെ തോൽപ്പിച്ചാൽ മാത്രം ഇംഗ്ലണ്ടിന് സൂപ്പർ എട്ടിൽ പ്രവേശിക്കാൻ സാധിക്കില്ല. നാളെ ഓസ്ട്രേലിയ സ്കോട്ലൻഡിനെ കീഴടക്കുകയും വേണം. അതോടെ ഇംഗ്ലണ്ടിനും സ്കോട് ലൻഡിനും അഞ്ച് പോയിന്റ് വീതമാകും.
സ്കോട്ലൻഡിനേക്കാൾ (+2.164) മികച്ച റണ്‍റേറ്റ് ഇപ്പോൾത്തന്നെയുള്ള ഇംഗ്ലണ്ട് (+3.081) അതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ ഇടംനേടും. അതേസമയം, ഓസ്ട്രേലിയയെ സ്കോട്ലൻഡ് കീഴടക്കിയാൽ കാര്യങ്ങൾ മാറിമറിയും.
അതോടെ ഏഴ് പോയിന്റുമായി സ്കോട്ലൻഡ് ഗ്രൂപ്പ് ചാന്പ്യന്മാരായും ആറ് പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തോടെയും സൂപ്പർ എട്ടിൽ പ്രവേശിക്കും.