പാക്കിസ്ഥാനെ എറിഞ്ഞിട്ടു ഇന്ത്യ
Monday, June 10, 2024 3:08 AM IST
ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. പാക്കിസ്ഥാനെ ആറു റൺസിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എയിൽ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത്.
അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ പാക്കിസ്ഥാനെ മികച്ച ബൗളിംഗിലൂടെ ഇന്ത്യ തകർക്കുകയായിരുന്നു. ജയിക്കാൻ 120 റൺസ് വേണ്ടിയരുന്ന പാക്കിസ്ഥാന് ഏഴു വിക്കറ്റിന് 113 റൺസ് എടുക്കാനേ സാധിച്ചുള്ളു. മൂന്നു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ടു വിക്കറ്റ് നേടിയ ഹാർദിക് പാണ്ധ്യ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. ബുംറയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി. 31 പന്തിൽ 42 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. നസീം ഷാ, ഇമാദ് വസിം എന്നിവർ മൂന്നുവിക്കറ്റ് വീതവും മുഹമ്മദ് അമീർ രണ്ടും വിക്കറ്റ് വീഴ്ത്തി.
മഴയെത്തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വരിഞ്ഞുമുറുക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ സിക്സർ അടക്കം രോഹിത് ശർമ എട്ട് റണ്‍സ് നേടി.
എന്നാൽ, ഓവർ പൂർത്തിയായതിനു പിന്നാലെ മഴയെത്തി മത്സരം തടസപ്പെടുത്തി. ഇടവേളയ്ക്കുശേഷം വീണ്ടും മത്സരം ആരംഭിച്ചപ്പോൾ നസീം ഷാ എറിഞ്ഞ ഓവറിലെ ആദ്യപന്ത് വിരാട് കോഹ്ലി ബൗണ്ടറി കടത്തി. എന്നാൽ, മൂന്നാം പന്തിൽ കോഹ്ലി (മൂന്ന് പന്തിൽ നാല്) ഒൗട്ട്. അടുത്ത ഓവറിൽ രോഹിത് ശർമയും (12 പന്തിൽ 13) പുറത്ത്. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹാരിസ് റൗഫിന്റെ ക്യാച്ചിലൂടെയായിരുന്നു രോഹിത് മടങ്ങിയത്. സ്ഥാനക്കയറ്റം ലഭിച്ച് അക്സർ പട്ടേലായിരുന്നു നാലാം നന്പറിൽ എത്തിയത്. ഷഹീൻ അഫ്രീദിയെ ഫോറും സിക്സും പറത്തിയ അക്സർ പട്ടേലിനെ നസീം ഷാ പുറത്താക്കുന്പോൾ ഇന്ത്യൻ സ്കോർ 7.4 ഓവറിൽ 58/3. 18 പന്തിൽ 20 റണ്‍സായിരുന്നു അക്സർ പട്ടേലിന്റെ സന്പാദ്യം.
അഞ്ചാം നന്പറായി സൂര്യകുമാർ യാദവ് എത്തി. നസീം ഷായെ സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയാണ് സൂര്യകുമാർ സ്കോറിംഗ് ആരംഭിച്ചത്. 10-ാം ഓവർ എറിയാനെത്തിയ ഹാരിസ് റൗഫിനെ ഋഷഭ് പന്ത് തുടർച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി. അതോടെ 10 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യൻ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81ൽ എത്തി. അതിൽ 23 പന്തിൽ 34 റണ്‍സ് പന്തിന്റെ സംഭാവനയായിരുന്നു. ഈ കൂട്ടുകെട്ടിന് അധികനേരം ക്രീസിൽ നിൽക്കാനായില്ല. സൂര്യകുമാറിനെ (ഏഴ്) ഹാരിസ് റൗഫ് പുറത്താക്കി. 31 റണ്‍സാണ് നാലാം വിക്കറ്റിൽ ഇരുവരും നേടിയത്.
ഒരോവറിനുശേഷം ശിവം ദുബെയെ (മൂന്ന്) നസീം ഷാ സ്വന്തം പന്തിൽ പിടികൂടി. മുഹമ്മദ് അമീർ എറിഞ്ഞ 15-ാം ഓവറിൽ ഇന്ത്യക്ക് ഇരട്ടപ്രഹരമേറ്റു. ആദ്യപന്തിൽ 31 പന്തിൽ 42 റൺസ് നേടിയ പന്തിനെയും അടുത്ത പന്തിൽ റണ്ണൊ ന്നുമെടുക്കാതെ നിന്ന രവീന്ദ്ര ജഡേജയെ വീഴ്ത്തി. പിന്നീടുള്ള വിക്കറ്റ് വീഴ്ചകൾ വേഗത്തിലായത്തോടെ ഇന്ത്യൻ സ്കോർ ഒരോവർ കൂടി ബാക്കിയിരിക്കേ 119ൽ അവസാനിച്ചു.