ചരിത്രം കുറിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ
Thursday, May 23, 2024 1:54 AM IST
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ മറ്റാർക്കും ഇതുവരെ എത്തിപ്പിടിക്കാൻ സാധിക്കാത്ത റിക്കാർഡ് കുറിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശ്രേയസ് അയ്യർ.
അയ്യർ ദ ഗ്രേറ്റ് എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നേട്ടത്തിലാണ് കോൽക്കത്തൻ ക്യാപ്റ്റൻ എത്തിയത്. 2024 ഐപിഎല്ലിൽ കെകെആർ ഫൈനലിൽ പ്രവേശിച്ചതോടെയാണ് ശ്രേയസിന്റെ റിക്കാർഡ് നേട്ടം.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 2024 ഐപിഎൽ ക്വാളിഫയർ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനു കീഴടക്കിയായിരുന്നു കോൽക്കത്ത ഫൈനലിലേക്ക് മുന്നേറിയത്.
നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെകെആറിന്റെ പാറ്റ് കമ്മിൻസായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. 24 പന്തിൽ അഞ്ച് സിക്സും നാല് ഫോറും അടക്കം 58 റണ്‍സുമായി പുറത്താകാതെനിന്ന ശ്രേയസ് അയ്യർ, ട്രാവിസ് ഹെഡിനെ തുടർച്ചയായി രണ്ട് സിക്സർ പറത്തിയായിരുന്നു അർധസെഞ്ചുറിയിലേക്ക് എത്തിയതും ടീമിനെ ജയത്തിൽ എത്തിച്ചതും.
റിക്കാർഡ് ബുക്കിൽ ശ്രേയസ് അയ്യർ
ഒന്നിലധികം ടീമിനെ ഐപിഎൽ ഫൈനലിൽ എത്തിച്ച ആദ്യ ക്യാപ്റ്റൻ എന്ന റിക്കാർഡാണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തുന്നതിനു മുൻപ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യർ. 2020ൽ ഡൽഹി ക്യാപ്പിറ്റൽസ് ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ ഐപിഎൽ ഫൈനലിൽ എത്തിയിരുന്നു. അന്ന് ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് ഡൽഹി പരാജയപ്പെട്ടു.
ഒന്നിലധികം ഐപിഎൽ ഫൈനലിൽ എത്തുന്ന അഞ്ചാമത് ക്യാപ്റ്റനാണ് ശ്രേയസ്. എം.എസ്. ധോണി, രോഹിത് ശർമ, ഗൗതം ഗംഭീർ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ കപ്പിത്താന്മാർ.
ഐപിഎൽ പ്ലേ ഓഫിൽ ഒന്നിലധികം അർധസെഞ്ചുറിയുള്ള ക്യാപ്റ്റൻ എന്ന നേട്ടത്തിനും ശ്രേയസ് അയ്യർ അർഹനായി. ധോണി, രോഹിത്, ഡേവിഡ് വാർണർ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. 2024 ഐപിഎൽ സീസണിൽ 13 മത്സരങ്ങളിൽനിന്ന് രണ്ട് അർധസെഞ്ചുറിയുൾപ്പെടെ 345 റണ്‍സാണ് ശ്രേയസ് അയ്യറിന്റെ നേട്ടം. സണ്‍റൈസേഴ്സിനെതിരേ പ്ലേ ഓഫ് ക്വാളിഫയറിൽ നേടിയ 58 നോട്ടൗട്ടാണ് ഈ സീസണിലെ ഉയർന്ന സ്കോർ.
ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ കെകെആറിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടിലും ശ്രേയസ് പങ്കാളിയായിരുന്നു. ശ്രേയസും വെങ്കിടേഷ് അയ്യറും (28 പന്തിൽ 51 നോട്ടൗട്ട്) ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അഭേദ്യമായ 97 റണ്‍സ് നേടി. 2012 ഫൈനലിൽ മൻവിന്ദർ ബിസ്ലയും ജാക് കാലിസും ചേർന്ന് 136 റണ്‍സ് നേടിയതാണ് ടീം റിക്കാർഡ്.