നൈറ്റ് റൈഡേഴ്സ് ഫൈനലിൽ
Wednesday, May 22, 2024 1:54 AM IST
അഹമ്മദാബാദ്: കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ. ഐപിഎൽ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ എട്ടു വിക്കറ്റുകൾക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകർത്തു. സണ്‍റൈസേഴ്സ് ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം 38 പന്തുകൾ ബാക്കിയിരിക്കേ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു.
സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.3 ഓവറിൽ 159-ന് എല്ലാവരും പുറത്ത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 13.4 ഓവറിൽ രണ്ടു വിക്കറ്റിന് 164 റണ്‍സ്. അർധ സെഞ്ചുറികളുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യർ ( 24 പന്തിൽ 58), വെങ്കിടേഷ് അയ്യർ (28 പന്തിൽ 51) എന്നിവരുടെ പ്രകടനമാണ് കോൽക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നേടിയ സണ്‍റൈസേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോൾ ബാറ്റിംഗ്് വെടിക്കെട്ടാണ് പ്രതീക്ഷിച്ചത്. എന്നാൽ വലിയ വെടിക്കെട്ടും നടത്താനാകാതെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിംഗ്സ് മൂന്ന് വിക്കറ്റ് നേടി മിച്ചൽ സ്റ്റാർക്കാണ് ഹൈദരാബാദിനെ തകർത്തത്. രാഹുൽ ത്രിപാഠി 35 പന്തിൽ 55 റണ്‍സ് നേടി. ഹെന്റിച്ച് ക്ലാസനും (32), ക്യാപ്റ്റൻ പാറ്റ് കമിൻസും (30) ചേർന്നാണ് ടീം സ്കോർ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഓപ്പണർമാരായി വന്നവർ ആദ്യ രണ്ടോവറിൽ മടങ്ങിയത് ടീമിനെ ഉലച്ചു. മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ ട്രാവിസ് ഹെഡും (0), വൈഭവ് അറോറ എറിഞ്ഞ രണ്ടാം ഓവറിൽ അഭിഷേക് ശർമയും (3) പുറത്തായി. അഞ്ചാം ഓവറിൽ നിതീഷ് റെഡ്ഢിയെയും (9) ഷഹബാസ് അഹമ്മദിനെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി സ്റ്റാർക്ക് ഹൈദരാബാദിനെ വീണ്ടും ഞെട്ടിച്ചു.
രാഹുൽ ത്രിപാഠിക്ക് കൂട്ടായി ക്ലാസൻ എത്തിയതോടെ സ്കോർ ഉയർന്നു തുടങ്ങിയതാണ്. 62 റണ്‍സാണ് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റ് സഖ്യത്തിൽ നേടിയത്. എന്നാൽ ക്ലാസനെ വരുണ്‍ ചക്രവർത്തിസഖ്യം പൊളിച്ചു. വരുണ്‍ ചക്രവർത്തി രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ റഹ്മാനുള്ള ഗുർബാസും (14 പന്തിൽ 23), സുനിൽ നരേനും (16 പന്തിൽ 21) മികച്ച തുടക്കമാണ് കോൽക്കത്തയ്ക്കു നൽകിയത്. ഇവരുടെ പുറത്താകലിനുശേഷം 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് വെങ്കിടേഷും ശ്രേയസും സ്ഥാപിച്ചത്.