ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
Saturday, May 18, 2024 2:03 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മഴ രസം കൊല്ലിയാകുന്നു. ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി. ലക്നോ മുന്നോട്ടുവച്ച 215 റൺസ് എന്ന ലക്ഷ്യം മുംബൈ പിന്തുടരുന്നതിനിടെ മഴയെത്തി.
മഴയ്ക്കു ശേഷം മത്സരം പുനരാരംഭിച്ചെങ്കിലും മുംബൈയുടെ താളം നഷ്ടമായി. 8.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 88 റൺസ് എടുത്ത മുംബൈ 10.2 ഓവറിൽ 93/2 എന്ന നിലയിലായി.
അർജുൻ ബാഡ് ലക്ക്
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു പകരം അർജുൻ തെണ്ടുൽക്കറിനെ ഉൾപ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്.
ആദ്യ ഓവറിൽ ലക്നോയുടെ മാർക്കസ് സ്റ്റോയിൻസിനെതിരേ വിഫലമായ എൽബിഡബ്ല്യു അപ്പീൽ നടത്തിയ അർജുന് തന്റെ മൂന്നാം ഓവറിന്റെ രണ്ടാം പന്തിനുശേഷം പരിക്കിനെത്തുടർന്ന് കളം വിടേണ്ടിവന്നു (2.2-0-22-0).
തുടർന്ന് നാം ധിർ ആയിരുന്നു ഓവർ പൂർത്തിയാക്കിയത്. 2024 സീസണിൽ അർജുന്റെ ആദ്യ മത്സരം അതോടെ വേദനയിൽ അവസാനിച്ചു. ഐപിഎല്ലിൽ അർജുന്റെ അഞ്ചാം മത്സരമായിരുന്നു.
29 പന്തിൽ 75 റൺസ് നേടിയ നിക്കോളാസ് പുരാനായിരുന്നു ലക്നോ സൂപ്പർ ജയന്റ്സിന്റെ ഇന്നിംഗ്സിന് ജീവൻ പകർന്നത്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (41 പന്തില്‍ 55), സ്റ്റോയിന്‍സ് (22 പന്തില്‍ 28), ആയുഷ് ബഡോണി (10 പന്തില്‍ 22 നോട്ടൗട്ട്) എന്നിവരും ലക്നോയ്ക്കു വേണ്ടി തിളങ്ങി.