നെവർകൂസെൻ അല്ല
Tuesday, April 16, 2024 2:48 AM IST
ലെവർകൂസൻ: തോൽവി അറിയാതെ ബെയർ ലെവർകൂസൻ ആദ്യമായി ജർമൻ ബുണ്ടസ് ലീഗ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു.
പതിനൊന്ന് വർഷമായി ബയേണ്‍ മ്യൂണിക് അടക്കി വച്ച ലീഗ് നേട്ടത്തിനാണ് സാബി അലോൻസോയുടെ ലെവർകൂസൻ അവസാനമിട്ടത്. കിരീടത്തിന് ഒരു ജയം കൂടി മാത്രം മതിയായിരുന്ന ലെവർകൂസൻ, സ്വന്തം കളത്തിൽ 29-ാം റൗണ്ട് മത്സരത്തിൽ വെർഡർ ബ്രെമെനെ എതിരില്ലാത്ത അഞ്ചു ഗോളിനു തകർത്താണ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
ഫ്ളോറിയൻ വിർട്സിന്റെ ഹാട്രിക്കാണ് ലെവർകൂസന് വൻ ജയമൊരുക്കിയത്. അഞ്ചു മത്സരങ്ങൾ കൂടി ബാക്കിയിരിക്കേ രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്കുമായി 16 പോയിന്റ് വ്യത്യാസമാണുള്ളത്. നിലവിൽ 79 പോയിന്റാണ് ലെവർകൂസന്.
അലോൻസോയുടെ ടീം തോൽവി അറിയാതെ 29 മത്സരങ്ങളെന്ന ലീഗ് റിക്കാർഡിലുമെത്തി. 1993നുശേഷം ആദ്യമായാണ് ലെവർകൂസൻ ഒരു ട്രോഫി സ്വന്തമാക്കുന്നത്. ലീഗ് സീസണിൽ 25 ജയവും നാലു സമനിലയുമാണ് ലെവർകൂസൻ നേടിയത്. വ്യത്യസ്ത ടൂർണമെന്റിലുമായി തുടർച്ചയായ 43 മത്സരങ്ങിൽ അലോൻസോയുടെ ടീം തോൽവി അറിഞ്ഞിട്ടില്ല.