ഹൊഫെൻഹൈമിൽനിന്നു ഫ്രീ ട്രാൻസ്ഫറിലെത്തിയ വിംഗർ ജോനസ് ഹോഫ്മാനെയും ബെൻഫിക്കയിൽ ഏഴു സീസണിൽ കളിച്ച് ട്രോഫികൾ നേടിയിട്ടുള്ള അലജാൻഡ്രോ ഗ്രിമാൽഡോയെയും സ്വന്തമാക്കി. ടീമിന്റെ ഘടനയെക്കുറിച്ച് പഠിച്ച് അലോൻസോ കുറവുണ്ടായിരുന്ന നന്പർ 9 സ്ഥാനത്തേക്ക് ബെൽജിയൻ ക്ലബ് യൂണിയൻ സെന്റ് ഗില്ലോയിസിൽനിന്ന് വിക്ടർ ബോണിഫേസിനെയുമെത്തിച്ചു. പുതിയ കളിക്കാർക്കായി 97 മില്യൻ ഡോളറാണ് ലെവർകൂസൻ ചെലവഴിച്ചത്. പ്രതിരോധക്കാരായ ഗ്രിമാൽഡോയും ജോനാഥൻ തായും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്പത് ഗോൾ നേടിയ ഗ്രിമാൽഡോ 12 അസിസ്റ്റും നടത്തി.
അലോൻസോയുടെ 3-4-2-1 ശൈലിക്കു ചേർന്ന സ്ട്രൈക്കറായിരുന്നു ബോണിഫേസ്. ഡിസംബറിൽ പരിക്കേൽക്കുന്നതുവരെ താരം 24 ഗോളുകളിൽ പങ്കാളിയായി. 16 എണ്ണം തനിയെ സ്കോർ ചെയ്തു. ബോണിഫേസിന്റെ പരിക്ക് ടീമിനെ ബാധിച്ചില്ല. അമിനെ അദ് ലിയുടെ ഗോളടിയിൽ വിജയം തുടർന്നു.
“കോച്ചിന് ഒരു ആശയമുണ്ട്, കളിക്കാർ അവനെ വിശ്വസിക്കണം. അതുകൊണ്ടാണ് തന്ത്രങ്ങൾക്ക് മുന്പ് മനുഷ്യബന്ധങ്ങൾ വരുന്നത് ”-അലോൻസോ പറയുന്നു.