പ്രജ്ഞാനന്ദ, വിദിത് ജയിച്ചു
Friday, April 12, 2024 12:22 AM IST
ടൊറൊന്റൊ: 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസിന്റെ ഓപ്പണ്‍ വിഭാഗം ആറാം റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദയ്ക്കും വിദിത് ഗുജറാത്തിക്കും ജയം.
അതേസമയം, ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയുടെ ഡി. ഗുകേഷ് അമേരിക്കയുടെ ഹികാരു നാകാമുറയുമായി സമനിലയിൽ പിരിഞ്ഞ് പോയിന്റ് പങ്കുവച്ചു. റഷ്യയുടെ ഇയാൻ നിപോംനിഷിയും അമേരിക്കയുടെ ഫാബിയാനൊ കരുവാനയും തമ്മിലുള്ള മത്സരവും സമനിലയിൽ പിരിഞ്ഞു.
പ്രജ്ഞാനന്ദ അസർബൈജാന്റെ നിജത് അബാസോവിനെയും വിദിത് ഗുജറാത്തി ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയെയുമാണ് തോൽപ്പിച്ചത്. ആറ് റൗണ്ട് പൂർത്തിയായപ്പോൾ നാല് പോയിന്റുമായി ഡി. ഗുകേഷും നിപോംനിഷിയും യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു. പ്രജ്ഞാനന്ദയ്ക്ക് 3.5ഉം ഗുജറാത്തിക്ക് മൂന്നും പോയിന്റാണ്.
വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ആർ. വൈശാലിയും കൊനേരു ഹംപിയും ആറാം റൗണ്ട് പോരാട്ടത്തിൽ പരാജയപ്പെട്ടു. 4.5 പോയിന്റുമായി ചൈനയുടെ ടാൻ സോങ്യി ഒന്നാം സ്ഥാനത്ത് തുടരുന്നു.