വാങ്കഡെ വാർ...
Thursday, April 11, 2024 2:02 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വം സൃഷ്ടിച്ച വിവാദങ്ങളും തുടർതോൽവിയിലെ സമ്മർദങ്ങളും അതിജീവിച്ച് വിജയ വഴിയിലെത്തിയ ആശ്വാസത്തിലാണ് മുംബൈ.
കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ വീഴ്ത്തിയാണ് മുംബൈ 2024 സീസണിലെ ആദ്യ ജയം നേടിയത്. തുടർ വിജയങ്ങളിലൂടെ ടൂർണമെന്റിലേക്ക് തിരിച്ചുവരാനും വിവാദങ്ങൾക്ക് മറുപടി നൽകാനുമാണ് മുംബൈയിറങ്ങുന്നത്.
എന്നാൽ, പതിവുപോലെ ബംഗളൂരു സ്ഥിരതയില്ലാതെ പതറുന്നു. തുടർ ജയം നേടാനോ പോയിന്റ് പട്ടികയിൽ മുന്നേറാനോ ആർസിബിക്കു സാധിക്കുന്നില്ല. നാല് മത്സരങ്ങളിൽ ഒരു ജയവുമായി മുംബൈ പട്ടികയിൽ എട്ടാം സ്ഥാനത്തും അഞ്ച് കളികളിൽ ഒരു ജയവുമായി ബംഗളൂരു ഒന്‍പതാം സ്ഥാനത്തുമാണ്.
വാങ്കഡെ സ്റ്റേഡിയത്തിൽ ഇരുടീമും 10 തവണ ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഏഴിലും ആതിഥേയർക്കായിരുന്നു ജയം. ഐപിഎൽ ചരിത്രത്തിൽ ഇരുടീമും ഇതുവരെ 34 തവണ ഏറ്റുമുട്ടിയപ്പോൾ 20 തവണയും ജയം മുംബൈക്കായിരുന്നു. ആർസിബി 14 ജയം സ്വന്തമാക്കി. ഈ കണക്കുകളും മുംബൈക്ക് പ്രതീക്ഷ നൽകുന്നു.
അതേസമയം, കോഹ്ലി ഒഴികെയുള്ള സൂപ്പർ താരങ്ങൾ ഫോമിലേക്ക് എത്താത്തത് ആർസിബിയെ വലയ്ക്കുന്നു. മുംബൈയാകട്ടെ മുൻകാല പ്രതാപത്തിലേക്ക് തിരിച്ചെത്താനുള്ള പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുകയാണ്.
കോഹ്ലി ബുംറ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിന് എതിരേ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ മൂന്നാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലി. 32 മത്സരങ്ങളിൽനിന്ന് 852 റണ്‍സ് കോഹ്ലിക്കുണ്ട്. 2018ൽ വാങ്കഡെ സ്റ്റേഡിയത്തിൽവച്ച് നേടിയ 92 നോട്ടൗട്ടാണ് മുംബൈക്കെതിരായ കോഹ്ലിയുടെ ഏറ്റവും ഉയർന്ന സ്കോർ.
പഞ്ചാബ് കിംഗ്സിന്റെ ശിഖർ ധവാൻ (901), ലക്നോ സൂപ്പർ ജയന്റ്സിന്റെ കെ.എൽ. രാഹുൽ (867) എന്നിവരാണ് മുംബൈക്കെതിരേ കൂടുതൽ റണ്‍സ് നേടിയതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവർ.
വാങ്കഡെയിൽ 17 ഐപിഎൽ മത്സരങ്ങളിൽനിന്ന് 47.58 ശരാശരിയിൽ 571 റണ്‍സ് കോഹ്ലിക്കുണ്ട്.
മുംബൈ ഇന്ത്യൻസിന്റെ പേസർ ജസ്പ്രീത് ബുംറയും കോഹ്ലിയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. നാല് തവണ കോഹ്ലിയെ ബുംറ പുറത്താക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ബുംറയുടെ ആദ്യ വിക്കറ്റും (2013) കോഹ്ലിയുടേതാണ്.
ബംഗളൂരുവിനെതിരേ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള രണ്ടാമത് ബൗളറാണ് ബുംറ, 18 മത്സരങ്ങളിൽ 24 വിക്കറ്റ്. രവീന്ദ്ര ജഡേജ (26), സന്ദീപ് ശർമ (26) എന്നിവരാണ് ഒന്നാം സ്ഥാനത്ത്. സുനിൽ നരെയ്നും ആർസിബിക്ക് എതിരേ 24 വിക്കറ്റുണ്ട്.
2024 ഐപിഎൽ സീസണിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 316 റണ്‍സുമായി ഓറഞ്ച് ക്യാപ്പിന്റെ അവകാശിയാണ് കോഹ്ലി.