ഗുകേഷ് തലപ്പത്ത്
Thursday, April 11, 2024 2:02 AM IST
ടൊറൊന്റൊ: 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ഓപ്പണ് വിഭാഗത്തിൽ ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. അഞ്ചാം റൗണ്ട് മത്സരത്തിൽ ജയം നേടിയതോടെയാണ് പതിനേഴുകാരനായ ഗുകേഷ് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 3.5 പോയിന്റാണ് ഗുകേഷിന്.
ഇത്രതന്നെ പോയിന്റുമായി ഇയാൻ നിപോംനിഷിയും ഒപ്പത്തിനൊപ്പമുണ്ട്. 14 റൗണ്ടുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആളാണ് ലോക ചെസ് ചാന്പ്യൻഷിപ്പിൽ നിലവിലെ ജേതാവായ ചൈനയുടെ ഡിങ് ലിറനെ നേരിടുക.
ബോബി ഫിഷർ, മാഗ്നസ് കാൾസണ് എന്നിവർക്കുശേഷം കാൻഡിഡേറ്റ് ടൂർണമെന്റിന് യോഗ്യത ലഭിക്കുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ മൂന്നമത് താരമാണ് ഗുകേഷ്.
കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ അഞ്ചാം റൗണ്ടിൽ ഗുകേഷ് അസർബൈജാന്റെ നിജത് അബാസോവിനെ കീഴടക്കി. നാലാം റൗണ്ടിൽ ജയം നേടി ഒന്നാം സ്ഥാനത്ത് എത്തിയ നിപോംനിഷി ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദയുമായി അഞ്ചാം റൗണ്ടിൽ സമനിലയിൽ പിരിഞ്ഞു. മറ്റൊരു ഇന്ത്യൻ താരമായ വിദിത് ഗുജറാത്തി അമേരിക്കയുടെ ഫാബിയാനൊ കരുവാനയുമായും സമനിലയിൽ പിരിഞ്ഞ് പോയിന്റ് പങ്കുവച്ചു.
വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ചൈനയുടെ ടാൻ സോങ്യി ഒന്നാം (3.5 പോയിന്റ്) ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ചാം റൗണ്ടിൽ ആർക്കും ജയം നേടാൻ സാധിച്ചില്ല. ഇന്ത്യയുടെ ആർ. വൈശാലി ഉസ്ബക്കിസ്ഥാന്റെ അന്ന മുസിചുക്കുമായും കൊനേരു ഹംപി റഷ്യയുടെ അലക്സാന്ദ്ര ഗോറിയച്ച്കിനയുമായും സമനിലയിൽ പിരിഞ്ഞു. വൈശാലിക്ക് 2.5ഉം ഹംപിക്ക് രണ്ട് പോയിന്റുമാണ്.