നാണക്കേട് മാറ്റാൻ ആഴ്സണൽ
Tuesday, April 9, 2024 1:00 AM IST
ബയേണ്‍ മ്യൂണിക്കിനോട് ചാന്പ്യൻസ് ലീഗിൽ കഴിഞ്ഞ മൂന്നു തവണയും 5-1ന് തോറ്റതിന്റെ നാണക്കേട് നീക്കാനുള്ള അവസരമാണ് ആഴ്സണലിന് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. ഇത്തവണ മൈക്കിൽ അർതേറ്റയുടെ ആഴ്സണൽ മികച്ച ഫോമിലാണ് കളിക്കുന്നത്.
പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. തോമസ് ടുഹെലിന്റെ ബയേണ്‍ മ്യൂണിക്കിനാണെങ്കിൽ ബുണ്ടസ് ലീഗ കിരീടം കൈവിട്ടിരിക്കുകയാണ്. അർതേറ്റയുടെ യുവ സംഘം കഴിഞ്ഞ 11 ലീഗ് കളിയിൽനിന്ന് 31 പോയിന്റ് നേടിയിട്ടുണ്ട്. ആക്രമണത്തിനൊപ്പം പ്രതിരോധവും ശക്തമാക്കിയാണ് ആഴ്സണൽ കളിക്കുന്നത്.
കഴിഞ്ഞ ആറു കളിയിൽ അഞ്ചിലും ഗോൾ വഴങ്ങിയിട്ടില്ല. ഈ സീസണിൽ ചാന്പ്യൻസ് ലീഗ് കിരീടം മാത്രമാണ് ബയേണിന്റെ ഏക പ്രതീക്ഷ. പരിശീലകൻ ടുഹേലാണെങ്കിൽ പുറത്താക്കലിന്റെ വക്കിലാണ്. കഴിഞ്ഞ ആറ് എവേ മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബയേണ്‍ നേടിയത്.
അവസാനം 2017ൽ സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തിലും 5-1ന് തോൽവിയാണ് ബയേണിൽനിന്ന് ആഴ്സണൽ ഏറ്റുവാങ്ങിയത്. അഞ്ചാം തവണയാണ് ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ആഴ്സണലും ബയേണ്‍ മ്യൂണിക്കും ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ നാലു തവണയും ജയം ജർമൻ ക്ലബ്ബിനൊപ്പമായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരേ മികച്ച റിക്കാർഡും ബയേണിനുണ്ട്. ഇംഗ്ലീഷ് ടീമുകൾക്കെതിരേ ആറ് എവേ മത്സരങ്ങളിൽ ഒരു തോൽവി മാത്രമേ നേരിട്ടുള്ളൂ. നാലു ജയവും ഒരു സമനിലയുമായിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയോടാണ് തോറ്റത്.
2009-10നുശേഷം ആഴ്സണലിന്റെ ആദ്യത്തെ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലാണ്.