ഗ്വാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്ല കാലം: നെഡും ഒനൂഹ
Saturday, September 23, 2023 1:15 AM IST
കൊച്ചി: കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്ക് ഇത് സുവര്‍ണകാലമെന്ന് മുന്‍താരം നെഡും ഒനൂഹ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇന്ത്യയിലെ ട്രെബിള്‍ ട്രോഫി പര്യടന ആരംഭത്തിന് കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഒനൂഹയുടെ പ്രതികരണം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്മാര്ക്കൊപ്പം എട്ടു വര്‍ഷം കളിച്ചിട്ടുണ്ട് ഒനൂഹ. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ നാലു കിരീടങ്ങളാണ് കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റി നേടിയത്. സീസണില്‍ ഇത്രയും കിരീടങ്ങള്‍ സിറ്റി സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒനൂഹ പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച പരിശീലകനാണ് ഗ്വാര്‍ഡിയോള. ബാഴ്സലോണയിലും ബയേണ്‍ മ്യൂണിക്കിലും കഴിവു തെളിയിച്ചാണ് സിറ്റിയില്‍ എത്തിയത്. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്നതുതന്നെ ഒരുകാലത്ത് ക്ലബ്ബിന് വലിയ നേട്ടമായിരുന്നു. എന്നാല്‍ ഇന്ന് കിരീടം സ്വന്തമാക്കിയിരിക്കുന്നു. അതിനു പിന്നില്‍ ഗ്വാര്‍ഡിയോളയുടെ മികവാണെന്നും ഒനൂഹ വ്യക്തമാക്കി.
സിറ്റിയുടെ വിജയത്തിനു പിന്നില്‍ മുന്‍ താരങ്ങളുടെയും പ്രയത്നമുണ്ട്. അവര്‍ക്കു കിരീടങ്ങളില്ലായിരിക്കാം, എങ്കിലും ആ കളിക്കാരുടെകൂടി പ്രയത്നമാണ് ക്ലബ്ബിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കു പിന്നില്‍. സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരം ബല്ജിയംകാരന് വിന്‍സെന്റ് കൊമ്പനിയാണെന്നും ഒനൂഹ അഭിപ്രായപ്പെട്ടു.
ഏറെ യുവതാരങ്ങള്‍ ക്ലബ്ബിലേക്ക് കടന്നുവരുന്നുണ്ട്. ഏറെ പ്രിയപ്പെട്ട താരം മെസിയാണെന്നും ഒനൂഹ പറഞ്ഞു. പ്രതിരോധ താരമായിരുന്ന ഒനൂഹ ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിന്റെയും ഭാഗമായിരുന്നു.