വിജയാരംഭം
Saturday, September 23, 2023 12:59 AM IST
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. ഓസ്ട്രേലിയ ഉയർത്തിയ 277 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഋതുരാജ് ഗെയ്ക്വാദ് (71), ശുഭ്മൻ ഗിൽ (74) സഖ്യത്തിന്റെ 142 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടും മുഹമ്മദ് ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. നായകൻ കെ.എൽ. രാഹുൽ 58* റണ്‍സും സൂര്യകുമാർ യാദവ് 50 റണ്‍സും നേടി. ശ്രേയസ് അയ്യരും (3), ഇഷാൻ കിഷനും (18) നിരാശപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഡേവിഡ് വാർണർ (52), സ്റ്റീവൻ സ്മിത്ത് (41), ജോഷ് ഇൻഗ്ലിസ് (45) എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. മാർനസ് ലബുഷെയ്ൻ (39), കാമറൂണ്‍ ഗ്രീൻ (31), പാറ്റ് കമ്മിൻസ് (9 പന്തിൽ 21) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. ഷമിക്കു പുറമേ ഇന്ത്യക്കായി ജസ്പ്രീത് ബുംറ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.