ടീം സെറ്റാക്കാന്‍; ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ഏകദിനം ഇന്ന് മൊഹാലിയിൽ
Friday, September 22, 2023 1:41 AM IST
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പര ഇന്നുമുതൽ. ലോകകപ്പിനു മുന്‍പായി ടീമിനെ തേച്ചുമിനുക്കാൻ ബിസിസിഐക്കുള്ള അവസാന അവസരമാണിത്. മൊഹാലിയിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മത്സരം സൗജന്യമായി തത്സമയം കാണാം. ഞായറാഴ്ച ഇൻഡോറിലും ബുധനാഴ്ച രാജ്കോട്ടിലുമാണ് അടുത്ത രണ്ടു മത്സരങ്ങൾ.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ കെ.എൽ. രാഹുലാണു നയിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവർ ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കില്ല. മൂന്നാം ഏകദിനത്തിൽ ഇവർ മൂവരും ടീമിൽ തിരിച്ചെത്തും.
പ്രമുഖർക്കു വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ശുഭ്മൻ ഗില്ലിനൊപ്പം ഇഷാൻ കിഷനായിരിക്കും മൊഹാലിയിൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. കോഹ്ലിയുടെ സ്ഥാനത്ത് ശ്രേയസ് അയ്യരിറങ്ങും. രാഹുലും സൂര്യകുമാർ യാദവുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സൂര്യകുമാർ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർക്ക് ലോകകപ്പ് ലൈനപ്പിലേക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസാന അവസരംകൂടിയാണിത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചെങ്കിലും അന്തിമ ടീം ലിസ്റ്റ് സമർപ്പിക്കാൻ 27 വരെ സമയമുണ്ട്.
മറുവശത്ത്, പാറ്റ് കമിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം ഏകദിന ലോകകപ്പിനുള്ള അതേ സ്ക്വാഡുമായാണ് പരന്പരയ്ക്ക് ഇറങ്ങുന്നത്. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ആദ്യ ഏകദിനത്തിനുണ്ടാകില്ല. ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ മണ്ണിൽ അരങ്ങേറുന്ന പരന്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഓസീസിന്റെ ലക്ഷ്യം.