ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ : ഇന്ത്യ x ചൈന പോരാട്ടം വൈകുന്നേരം അഞ്ചിന്
Tuesday, September 19, 2023 12:14 AM IST
ഗ്വാങ്ഷു: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്ബോള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ആതിഥേയരായ ചൈനയാണ്. ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം അഞ്ചിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ കൊമ്പുകോര്‍ക്കും. 23 മുതലാണ് ഏഷ്യന്‍ ഗെയിംസിന് തിരിതെളിയുന്നത്.
9 വര്‍ഷത്തിനു ശേഷം
ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ പന്തു തട്ടുന്നത്. 1951 ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ ആദ്യമായി ഫുട്ബോള്‍ മൈതാനത്ത് ഇറങ്ങിയത്.
പിന്നീട് ഇക്കാലമത്രയുമായി രണ്ട് സ്വര്‍ണവും ഒരു വെങ്കലവും ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിലൂടെ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ 57-ാം മത്സരമാണ് ഇന്ന് ചൈനയ്ക്കെതിരേ അരങ്ങേറുന്നത്.
1951 ഏഷ്യന്‍ ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമായിരുന്നു ഫുട്ബോളില്‍ മാറ്റുരച്ചത്. എന്നാല്‍, 19-ാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയടക്കം 23 ടീമുകള്‍ മെഡലിനായി പോരാട്ടരംഗത്തുണ്ട്. ഗ്രൂപ്പ് എയില്‍ ചൈന, ബംഗ്ലാദേശ്, മ്യാന്മര് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന രീതിയിലാണ് ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫിക്സ്ചര്‍.
അപൂര്‍വ നേട്ടത്തില്‍ ഛേത്രി
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇതിനു മുമ്പ് പങ്കെടുത്തത്. അന്നത്തെ ടീമിലുണ്ടായിരുന്ന സുനില്‍ ഛേത്രിയും സന്ദേശ് ജിങ്കനും ഇത്തവണയും ദേശീയ ജഴ്സിയില്‍ ഇറങ്ങും.
രണ്ട് വ്യത്യസ്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ എന്ന അപൂര്‍വ നേട്ടം ഇന്ന് സുനില്‍ ഛേത്രി (2014, 2022) സ്വന്തമാക്കും. സൈലന് മന്ന (1951, 1954), ബൈചുങ് ബൂട്ടിയ (2002, 2006) എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്മാര്.
2018നുശേഷം ഇന്ത്യയും ചൈനയും ഫുട്ബോള്‍ കളത്തില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതാദ്യമാണ്. 1974ല്‍ ആയിരുന്നു ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. ഇതുവരെ 15 പ്രാവശ്യം ഇന്ത്യ x ചൈന പോരാട്ടം അരങ്ങേറി. ചൈനയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല.
ചൈനയിലെ ഗ്വാങ്ഷുവില്‍ അരങ്ങേറുന്ന പത്തൊമ്പതാം ഏഷ്യന്‍ ഗെയിംസ് ഔദ്യോഗിക ഉദ്ഘാടനത്തിലേക്ക് ഇനിയുള്ളത് വെറും നാല് ദിനങ്ങള്‍ മാത്രം. 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസ്. ഗെയിംസ് ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പ് ഫുട്ബോള്‍, ക്രിക്കറ്റ്, ബീച്ച് വോളി, ഇന്‍ഡോര്‍ വോളി മത്സരങ്ങള്‍ ഇന്നു മുതല്‍ തുടങ്ങും.
ഇന്ത്യന്‍ ഫിക്സചര്‍
(പുരുഷ ടീം ഗ്രൂപ്പ് ഘട്ടം)
ഇന്ത്യ x ചൈന, ചൊവ്വ 5.00 pm
ഇന്ത്യ x ബംഗ്ലാദേശ്, വ്യാഴം 2.30 pm
ഇന്ത്യ x മ്യാന്മര്, ഞായര്‍ 5.00 pm