പിഎസ്ജിയെ രക്ഷിക്കാൻ എംബപ്പെക്കു സാധിച്ചില്ല
Sunday, September 17, 2023 12:24 AM IST
പാരീസ്: സൂപ്പർ താരം കിലിയൻ എംബപ്പെ ഇരട്ട ഗോൾ നേടിയിട്ടും ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജി (പാരീസ് സെന്റ് ജെർമയ്ൻ) തോറ്റു.
ഹോം മത്സരത്തിൽ 2-3ന് നീസിനോടാണ് പിഎസ്ജിയുടെ തോൽവി. 29, 87 മിനിറ്റുകളിലായിരുന്നു കിലിയൻ എംബപ്പെയുടെ ഗോൾ. ടെറെ മോഫി (21’, 68’), ഗയീതൻ ലബോർഡെ (53’) എന്നിവരായിരുന്നു നീസിന്റെ ഗോൾ നേട്ടക്കാർ.
പിഎസ്ജിയുടെ തട്ടകമായ പാർ ഡി പ്രിൻസസിൽ ലീഗ് വണ്ണിൽ 2009നുശേഷം നീസ് ജയിക്കുന്നത് ഇതാദ്യമാണ്. ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ പിഎസ്ജി എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തായി. മൊണാക്കോ (10), നീസ് (9) എന്നീ ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.