ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് മികച്ച തുടക്കം
Thursday, June 8, 2023 2:42 AM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവിൽ തലയുയർത്തി ഓസ്ട്രേലിയ. ഇന്ത്യക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ട്രാവിഡ് ഹെഡ് സെഞ്ചുറി സ്വന്തമാക്കി. ഓസ്ട്രേലിയൻ മണ്ണിനു പുറത്ത് ഹെഡ് നേടുന്ന ആദ്യ സെഞ്ചുറിയാണ്. നേരിട്ട 106-ാം പന്തിലാണ് ഹെഡിന്റെ സെഞ്ചുറി.
ടോസ് ജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിംഗ് തെരഞ്ഞെടുത്തു. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ചേർന്നുള്ള ബൗളിംഗ് ആക്രമണത്തിനു മുന്നിൽ ഓസ്ട്രേലിയ തുടക്കത്തിൽ പതറി. സ്കോർബോർഡിൽ രണ്ട് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഉസ്മാൻ ഖ്വാജയെ പൂജ്യത്തിനു പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു.
എന്നാൽ, ഡേവിഡ് വാർണർ (60 പന്തിൽ 43) നടത്തിയ പോരാട്ടത്തിലൂടെ ഓസ്ട്രേലിയ പതുക്കെ മുന്നേറി. ഇതിനിടെ മാർനസ് ലബൂഷെയ്ൻ രണ്ട് തവണ അപ്പീൽ ജയിച്ചു. അതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിൽ ഓസ്ട്രേലിയ ലഞ്ചിനു പിരിഞ്ഞു. ലഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ലബൂഷെയ്നെ (26) മുഹമ്മദ് ഷമി ബൗൾഡാക്കി. അതോടെ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76.
തുടർന്ന് സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ക്രീസിൽ ഒന്നിച്ചു. 144 പന്ത് നേരിട്ട് സ്റ്റീവ് സ്മിത്ത് അർധസെഞ്ചുറി തികച്ചു. മറുവശത്ത് സ്കോറിംഗ് വേഗത്തിലാക്കിയ ട്രാവിസ് ഹെഡ് 60-ാം പന്തിൽ അർധസെഞ്ചുറിയും 106-ാം പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കി.
നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 230 പന്തിൽ 150 കടന്നു. 77 ഓവർ പൂർത്തിയായപ്പോൾ ഹെഡ് 125 റൺസുമായും സ്റ്റീവ് സ്മിത്ത് 81 റൺസുമായും ക്രീസിൽ തുടരുന്നു. ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസും എടുത്തു.