അശ്വിനെ ഒഴിവാക്കി
Thursday, June 8, 2023 2:42 AM IST
ലണ്ടൻ: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം ഇറങ്ങിയത് സ്പിന്നർ ആർ. അശ്വിനെ കരയ്ക്കിരുത്തി. ഓവലിലെ പിച്ചിൽ പച്ചപ്പ് കണ്ടാണ് അശ്വിനെ പുറത്തിരുത്തി നാല് പേസർമാരുമായി ഇന്ത്യ കളത്തിലെത്തിയത്. സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൾ ഠാക്കൂർ, ഉമേഷ് യാദവ് എന്നിങ്ങനെ നാലു പേസർമാരുമായാണ് ഇന്ത്യ കളത്തിലെത്തിയത്. ആദ്യ സ്പെല്ലുകളിൽ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഓസീസ് ബാറ്റർമാരെ വിറപ്പിച്ചു. എന്നാൽ, പിന്നീട് ഓസ്ട്രേലിയ കരകയറി.
രവീന്ദ്ര ജഡേജയേക്കാൾ ഇടംകൈ ബാറ്റർമാരെ വിഷമിപ്പിക്കാൻ കഴിവുള്ളത് ആർ. അശ്വിനാണെന്നും അശ്വിനെ ഒഴിവാക്കിയത് നല്ല തീരുമാനമല്ലെന്നും ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ലോക ഒന്നാം നന്പർ ബൗളറാണ് രവിചന്ദ്ര അശ്വിൻ.