മെസിക്കു കൂവൽ
Sunday, June 4, 2023 11:31 PM IST
പാരീസ്: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചു. 2022-23 സീസണിൽ ലീഗ് വണ്ണിലെ അവസാന മത്സരത്തിൽ ക്ലെർമൗണ്ട് ഫൂട്ടിനെതിരേയായിരുന്നു പിഎസ്ജി ജഴ്സിയിൽ മെസിയുടെ അവസാന മത്സരം. ഈ മാസം 30ന് പിഎസ്ജിയുമായുള്ള മെസിയുടെ കരാർ അവസാനിക്കും.
ഹോം മത്സരത്തിൽ പിഎസ്ജി 2-3നു പരാജയപ്പെട്ടു. ഇതോടെ പിഎസ്ജിയിൽ മെസിയുടെ കരിയർ തോൽവിയോടെ അവസാനിച്ചു. മത്സരത്തിനിടെ ലയണൽ മെസിയെ പിഎസ്ജി ആരാധകർ കൂവി. സമീപനാളിൽ മെസിക്കെതിരേ കൂവുന്നത് പിഎസ്ജി അരാധകർ പതിവാക്കിയിരിക്കുകയായിരുന്നു.
ഫ്രഞ്ച് ക്ലബ്ബിനും ആരാധകർക്കും നന്ദിയർപ്പിക്കുന്ന സന്ദേശം മെസി പങ്കുവച്ചു. പിഎസ്ജിക്കു മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ ഭാവുകങ്ങളും മെസി നേർന്നു. 2021ൽ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽനിന്നാണു മെസി പിഎസ്ജിയിൽ എത്തിയത്. പിഎസ്ജിക്കായി 75 മത്സരങ്ങളിൽ ഇറങ്ങിയ മെസി, 32 ഗോൾ നേടുകയും 35 ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.
അടുത്ത സീസണിൽ മെസി ഏത് ക്ലബ്ബിൽ കളിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. സൗദി ക്ലബ്ബായ അൽ ഹിലാൽ, സ്പാനിഷ് ക്ലബ് ബാഴ്സലോണ, ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയവയുമായി ബന്ധപ്പെടുത്തി മെസിയുടെ പേര് കേൾക്കുന്നുണ്ട്.