മുന്പന്മാർ മുന്നോട്ട്
Sunday, June 4, 2023 12:18 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ മുന്പന്മാർ മുന്നോട്ട്. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സ്പെയിനിന്റെ കാർലോസ് അൽക്കാരസ്, മൂന്നാം നന്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, നാലാം നന്പർ നോർവെയുടെ കാസ്പർ റൂഡ്, അഞ്ചാം നന്പർ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, ആറാം നന്പർ ഡെന്മാർക്കിന്റെ ഹോൾജർ റൂണെ തുടങ്ങിയവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
നാലാം സീഡായ റൂഡ് ചൈനയുടെ സാങ് സിസെന്നിനെയാണു മൂന്നാം റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 4-6, 6-4, 6-1, 6-4. സ്പെയിനിന്റെ ഡേവിഡോവിച്ചിനെ 7-6 (7-4), 7-6 (7-5), 6-2നു മൂന്നാം റൗണ്ടിൽ മറികടന്ന ജോക്കോവിച്ച് പ്രീക്വാർട്ടറിൽ പെറുവിന്റെ ഹ്വാൻ പാബ്ലോ വരിയ്യസിനെ നേരിടും.
അർജന്റീനയുടെ ഡിയേഗൊ ഷ്വാർട്സ്മാനെ കീഴടക്കിയാണു സ്റ്റെഫാനോസ് സിറ്റ്സിപാസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-2, 6-2, 6-3. ഒന്നാം നന്പറായ അൽകാരസ് പ്രീക്വാർട്ടറിൽ ഇറ്റലിയുടെ ലോറെൻസോ മുസെറ്റിയെ നേരിടും. ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കിയാണു മുസെറ്റി പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
റെബാകിന പിന്മാറി
വനിതാ സിംഗിൾസിൽ നാലാം സീഡായ കസാക്കിസ്ഥാന്റെ എലേന റെബാകിന മൂന്നാം റൗണ്ടിൽ അനാരോഗ്യത്തെത്തുടർന്നു പിന്മാറി. റെബാകിനയുടെ എതിരാളിയായിരുന്ന സ്പെയിനിന്റെ സാറ സൊറിബെസ് ടോർമോ അതോടെ പ്രീക്വാർട്ടറിലേക്കു മുന്നേറി.
റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവ, യുക്രെയ്നിന്റെ എലിന സ്വിറ്റോളിന, അമേരിക്കയുടെ സ്റ്റെഫാനസ് തുടങ്ങിയവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.