ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ തള്ളി
Friday, June 2, 2023 11:40 PM IST
മുംബൈ: ബംഗളൂരു എഫ്സിക്ക് എതിരായ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണ് പ്ലേ ഓഫ് എലിമിനേറ്ററിനിടെ പ്രതിഷേധിച്ച് മൈതാനംവിട്ട കുറ്റത്തിനു ലഭിച്ച ശിക്ഷയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നൽകിയ അപ്പീൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തള്ളി.
ക്ലബ്ബിനെതിരേ ചുമത്തിയ നാലു കോടി രൂപയുടെ പിഴശിക്ഷയ്ക്കും മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഏർപ്പെടുത്തിയ 10 മത്സരവിലക്കും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും എതിരേയാണ് കേരള ബ്ലാസ്റ്റേഴ്സ് അപ്പീൽ നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ തള്ളിയ എഐഎഫ്എഫ്, രണ്ടാഴ്ചയ്ക്കുള്ളിൽ പിഴയൊടുക്കാനും ആവശ്യപ്പെട്ടു.
മാർച്ച് മൂന്നിനു നടന്ന പ്ലേ ഓഫ് എലിമിനേറ്ററിന്റെ അധികസമയത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരേ ക്വിക്ക് ഫ്രീകിക്ക് ഗോൾ റഫറി അനുവദിച്ചു എന്ന കാരണത്താലായിരുന്നു ടീം പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് മൈതാനംവിട്ടത്.
ഇവാൻ വുകോമനോവിച്ചിന്റെ ആവശ്യപ്രകാരം ടീം അംഗങ്ങൾ മൈതാനംവിടുകയായിരുന്നു. ഇന്ത്യൻ ക്ലബ് ഫുട്ബോൾ രംഗത്ത് ഇത്തരമൊരു പ്രതിധേഷം ചരിത്രത്തിൽ ആദ്യമായാണ് അരങ്ങേറിയത്. എഐഎഫ്എഫ് നിർദേശപ്രകാരം സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഇവാൻ വുകോമനോവിച്ചും പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.