സെവിയ്യ യൂറോപ്പ ജേതാക്കൾ
Friday, June 2, 2023 1:07 AM IST
ബുഡാപെസ്റ്റ്: സെവിയ്യ യൂറോപ്പ ലീഗ് ജേതാക്കൾ. ഫൈനലിൽ ഹൊസെ മൗറീഞ്ഞോയുടെ എഎസ് റോമയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണു സെവിയ്യ കിരീടത്തിൽ മുത്തമിട്ടത്.
നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 1-1നു സമനില വഴങ്ങി. ഷൂട്ടൗട്ടിൽ സെവിയ്യ 4-1നു വിജയം നേടി. സെവിയ്യയുടെ ഏഴാം യൂറോപ്പ ലീഗ് കിരീടമാണിത്. ഫൈനിലിലെത്തിയ ഏഴു തവണയും സെവിയ്യ ജേതാക്കളായി എന്നതാണു സവിശേഷത.
മത്സരത്തിന്റെ 35-ാം മിനിറ്റിൽ പൗളോ ഡിബാലയിലൂടെ റോമയാണു ലീഡ് നേടിയത്. എന്നാൽ 55-ാം മിനിറ്റിൽ ജിയാൻലൂക്ക മാൻചിനിയുടെ സെൽഫ് ഗോളിൽ സെവിയ്യ സമനില പിടിച്ചു. മത്സരത്തിന്റെ തുടർന്നുള്ള സമയത്തും അധികസമയത്തും ഇരുവിഭാഗത്തിനും ലീഡ് നേടാനായില്ല. ഇതേത്തുടർന്നാണു മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്.
ഷൂട്ടൗട്ടിൽ റോമയ്ക്കായി ആദ്യ കിക്കെടുത്ത ബ്രയാൻ ക്രിസ്റ്റൻ മാത്രമാണു ലക്ഷ്യം കണ്ടത്. മാൻചീനിക്കും റോജറിനും ലക്ഷ്യം തെറ്റി. സെവിയ്യയ്ക്കുവേണ്ടി ലൂക്കാസ് ഒക്കാംപോസ്, എറിക് ലമേല, ഇവാൻ റാക്കിട്ടിച്ച്, ഗോണ്‍സാലോ മോണ്ടിയൽ എന്നിവർ വലകുലുക്കി. ഷൂട്ടൗട്ടിൽ രണ്ടു സേവുകളുമായി ഗോൾകീപ്പർ യാസിൻ ബോനോ സെവിയ്യയ്ക്കായി തിളങ്ങി.