കിരണ്‍, ലക്ഷ്യ സെന്‍ ക്വാർട്ടറിൽ
Friday, June 2, 2023 1:07 AM IST
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റണ്‍ ടൂർണമെന്റിൽ മലയാളി താരം കിരണ്‍ ജോർജും യുവതാരം ലക്ഷ്യ സെന്നും ക്വാർട്ടർ ഫൈനലിൽ. പ്രീ ക്വാർട്ടറിൽ ലോക 26-ാം നന്പർ താരമായ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനെ അട്ടിമറിച്ചാണു കിരണ്‍ അവസാന എട്ടിൽ ഇടംപിടിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കാണു കിരണിന്റെ വിജയം. സ്കോർ: 21-11, 21-19. ക്വാർട്ടറിൽ ഫ്രാൻസിന്റെ ടോമ ജൂണിയറാണു ലോക റാങ്കിംഗിൽ 59-ാം റാങ്കുകാരനായ കിരണിന്റെ എതിരാളി. ആദ്യ റൗണ്ടിൽ കിരണ്‍ ലോക ഒന്‍പതാം നന്പർ താരവും നിലവിലെ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് വെള്ളിമെഡൽ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ അട്ടിമറിച്ചിരുന്നു.
നാലാം സീഡായ ലി ഷി ഫെംഗിനെ വീഴ്ത്തിയാണു ലക്ഷ്യസെൻ ക്വാർട്ടറിലെത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ: 21-17, 21-15. ഈയിടെ അവസാനിച്ച ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്റിൽ കിരീടം നേടിയ താരമാണു ഫെംഗ്. ക്വാർട്ടറിൽ മലേഷ്യയുടെ ലിയോംഗ് ജുൻ ഹാവോയാണു സെന്നിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അഷ്മിത ചാലിയയും ഒളിന്പിക് മെഡൽ ജേതാവായ സൈന നെഹ്വാളും പുറത്തായി. ലോക മൂന്നാം നന്പർ താരമായ ചൈനയുടെ ഹി ബിഷ് ജിയാവോയോടാണു സൈന കീഴടങ്ങിയത്.
സ്കോർ 21-11, 21-14. ഒളിന്പിക് സ്വർണമെഡൽ ജേതാവായ കരോളിന മാരിനോട് അഷ്മിതയും പരാജയപ്പെട്ടു. സ്കോർ: 21-17, 21-13. ഇതോടെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. പി.വി. സിന്ധു കഴിഞ്ഞ ദിവസംതന്നെ ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു.