പുതിയമുഖം
Thursday, June 1, 2023 12:45 AM IST
ഹോം ഗ്രൗണ്ട്
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാൻ ടീമുകൾക്ക് ഈ സീസണിൽ സാധിച്ചില്ല. 69 മത്സരങ്ങളിൽ 27 എണ്ണത്തിൽ മാത്രമാണു സ്വന്തം ഗ്രൗണ്ടിൽ ടീമുകൾ വിജയിച്ചത്; 39.1 വിജയ ശരാശരിയിൽ. ഏത് ഐപിഎല്ലുകളുടെ കണക്കെടുത്താലും ഇത് ഏറ്റവും കുറവാണ്. 2012ലെ 44.3 ആയിരുന്നു ഇതിനു മുന്‍പത്തെ മോശം ശരാശരി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളാണു ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഏറ്റവും മുതലാക്കിയത്. മോശം പ്രകടനക്കാർ സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും.
ഇംപാക്ട് പ്ലെയർ
ടൂർണമെന്റ് തുടങ്ങുന്നതിനു മുന്‍പ് ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ച് ധാരാളം ആശങ്കകളുണ്ടായിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ടീമുകൾ ഇതുമായി പൊരുത്തപ്പെട്ടു. ആദ്യം ബാറ്റ് ചെയ്യുന്പോൾ അധികമായി ഒരു ബാറ്ററെ ഉൾപ്പെടുത്തിയശേഷം രണ്ടാം ഇന്നിംഗ്സിൽ ആ താരത്തെ പുറത്തിരുത്തി ഒരു ബൗളറെക്കൂടി ടീമുകൾ ഉൾപ്പെടുത്തി; മറിച്ചും ചെയ്തു. ആദ്യം ബൗൾ ചെയ്തവർ ഒരു അധിക ബൗളറെ ഉൾപ്പെടുത്തിയശേഷം രണ്ടാം ഇന്നിംഗ്സിൽ ബാറ്റർക്ക് അവസരം നൽകി. ഇതോടെ 12 അംഗ ടീം എന്ന നിലയിലേക്കു കാര്യങ്ങളെത്തി. രാജസ്ഥാൻ റോയൽസാണ് ഇംപാക്ട് പ്ലെയർ നിയമം ഒട്ടുംതന്നെ മുതലാക്കാൻ കഴിയാതെപോയ ടീം. മുംബൈയാകട്ടെ ഈ നിയമത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തു; പ്രത്യേകിച്ച് ലക്നോ സൂപ്പർ ജയന്റ്സിനെതിരായ എലിമിനേറ്ററിൽ.
അതിവേഗം
ഏറ്റവും കൂടുതൽ വന്പൻ സ്കോറുകൾ പിറന്ന ഐപിഎല്ലാണ് കഴിഞ്ഞത്. ഒരോവറിൽ 8.99 റണ്‍സ് എന്ന ശരാശരിയിൽ ടീമുകൾ റണ്ണടിച്ചുകൂട്ടി. 37 തവണ ടീമുകൾ 200 റണ്‍സിനുമേൽ സ്കോർ ചെയ്തു. ഇംപാക്ട് പ്ലെയർ നിയമം ഇതിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തം. ഒരു ബാറ്ററെ അധികംകിട്ടിയപ്പോൾ ടീമുകൾക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. മികച്ച തുടക്കം ലഭിച്ചുകഴിഞ്ഞാൽ തുടർന്നെത്തുന്നവർക്കും അടിച്ചുപറത്താൻ കഴിയുന്ന രീതിയിലാണു ടീമുകൾ താരങ്ങളെ വിന്യസിച്ചത്. സീസണിൽ ഈ നീക്കം ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
ടോസ്
ട്വന്റി20 ക്രിക്കറ്റിൽ ടോസ് ലഭിക്കുന്ന ടീമുകൾ ബൗൾ ചെയ്യുന്നതാണു പതിവ്. ലക്ഷ്യം പിന്തുടരുന്പോൾ ബാറ്റിംഗിന്റെ വേഗം നിശ്ചയിക്കാമെന്നതു മാത്രമല്ല, രാത്രിമത്സരങ്ങളിൽ മഞ്ഞിന്റെ ആനുകൂല്യവും ലഭിക്കും. എന്നാൽ, ഈ ഐപിഎല്ലിലും ടോസ് ലഭിച്ചാൽ ബൗളിംഗ് തെരഞ്ഞെടുക്കുന്ന പതിവിനു മാറ്റമുണ്ടായില്ല. 74 മത്സരങ്ങളിൽ 53 എണ്ണത്തിലും ടോസ് നേടിയവർ ബൗളിംഗ് തെരഞ്ഞെടുത്തു. എന്നാൽ, 23 എണ്ണത്തിൽ മാത്രമാണു ജയിക്കാൻ കഴിഞ്ഞത്. 29 മത്സരം തോറ്റു. ഒരു മത്സരം ഉപേക്ഷിച്ചു.
സ്പിൻ ആധിപത്യം
ഡെത്ത് ഓവറുകളിൽ സ്പിന്നർമാരെ ബൗളിംഗിനു നിയോഗിക്കുന്നത് ഈ സീസണിൽ വർധിച്ചു. 2021ൽ 8.6 ശതമാനം ഡെത്ത് ഓവറുകൾ സ്പിന്നർമാർ എറിഞ്ഞപ്പോൾ ഈ സീസണിൽ അത് 17.4 ശതമാനമായി. യുസ്വേന്ദ്ര ചാഹൽ, വരുണ്‍ ചക്രബർത്തി, റഷീദ് ഖാൻ, മഹേഷ് തീക്ഷണ എന്നിങ്ങനെ ക്യാപ്റ്റൻമാർക്ക് ഡെത്ത് ഓവറുകളിൽ വിശ്വസിച്ച് പന്തേൽപ്പിക്കാവുന്ന താരങ്ങളുടെ എണ്ണം വർധിച്ചു. പ്രകടനക്കണക്കിലും സ്പിന്നർമാർ മുന്നിലാണ്. പേസർമാർ 10.94 എന്ന ഇക്കോണമിയിൽ ഡെത്ത് ഓവറുകളിൽ പന്തെറിഞ്ഞപ്പോൾ സ്പിന്നർമാരുടെ ഇക്കോണമി 9.19 ആണ്.
ഭാവി ശുഭമാണ്!
2022ലെ മെഗാലേലത്തിൽ മുംബൈ 8.25 കോടി മുടക്കി ടിം ഡേവിഡിനെ വാങ്ങി. ടീം വിട്ട ഹാർദിക് പാണ്ഡ്യക്കു പകരമാണ് ടിം ഡേവിഡെന്നും ഇന്ത്യയിൽ ഹാർദിക്കിനു പകരക്കാരനില്ലെന്നും ടീം ഉടമയായ ആകാശ് അംബാനി അന്നു പറഞ്ഞു. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞു. ദേശീയ ടീമിൽ ഇടംലഭിക്കാത്ത താരങ്ങളുടെ വാഴ്ചയാണ് ഈ ഐപിഎൽ കണ്ടത്. യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, ജിതേഷ് ശർമ, ധ്രുവ് ജൂറൽ എന്നിങ്ങനെ ഐപിഎല്ലിൽ തിളങ്ങിയ ആഭ്യന്തര ക്രിക്കറ്റർമാരുടെ നിര നീളുന്നു.