നാളെ മുതൽ ഫ്രഞ്ച് ഓപ്പണ്‍
Saturday, May 27, 2023 1:04 AM IST
പാരീസ്: കളിമണ്കോർട്ടിൽ പുതുയുഗാരംഭം. 2023 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് നാളെ മുതൽ. 2005നുശേഷം സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ ഇല്ലാതെ അരങ്ങേറുന്ന ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ആണിത്.
കളിമണ്‍ കോർട്ടിൽ നദാലിന്റെ പിൻഗാമി ആരാണെന്ന പോരാട്ടംകൂടിയാണ് ഇത്തവണത്തേത്. അടുത്ത സീസണിൽ വിരമിക്കുമെന്നു പ്രഖ്യാപിച്ച നദാൽ ഫ്രഞ്ച് ഓപ്പണ്‍ 14 തവണ സ്വന്തമാക്കി ചരിത്രം കുറിച്ചതാണ്. നിലവിലെ ചാന്പ്യനും നദാൽതന്നെ.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കാണു നിലവിലെ ചാന്പ്യൻ. ബെലാറൂസിന്റെ അരിന സബലെങ്ക, അമേരിക്കയുടെ ജെസീക്ക പെഗുല എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാർ.
23: ജോക്കോ
23-ാം ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടത്തിനായി രംഗത്തുള്ള സെർബിയയുടെ നൊവാക് ജോക്കോവിച്ചാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിന്റെ ശ്രദ്ധാകേന്ദ്രം. എന്നാൽ, സ്പാനിഷ് യുവതാരം കാർലോസ് അൽക്കരെസ് ആണു നിലവിൽ ലോക ഒന്നാം നന്പർ. റഷ്യയുടെ ഡാനിൽ മെദ്വദേവിനും പിന്നിൽ മൂന്നാം സ്ഥാനം മാത്രമാണു ജോക്കോവിച്ചിനുള്ളത്. ഫ്രഞ്ച് ഓപ്പണിൽനിന്നു പരിക്കിനെത്തുടർന്ന് പിന്മാറിയതോടെ 2003നുശേഷം ഇതാദ്യമായി നദാൽ 100 റാങ്കിനു താഴേക്കു പതിച്ചു.