ഐപിഎൽ രണ്ടാം ക്വാളിഫയർ ഇന്ന് : മുംബൈ x ഗുജറാത്ത് മത്സരം രാത്രി 7.30ന്
Friday, May 26, 2023 12:59 AM IST
അഹമ്മദാബാദ്: 2023 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ചിത്രം ഇന്ന് വ്യക്തമാകും. സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസും നിലവിലെ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ഇന്ന് നേർക്കുനേർ. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിൽ രാത്രി 7.30നാണ് മത്സരം.
ഇന്ന് ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സുമായി കൊന്പുകോർക്കും. മുംബൈ x ചെന്നൈ ഗ്രാൻഡ് ഫൈനൽ അരങ്ങേറുമോ അതോടെ ഗുജറാത്ത് x ചെന്നൈ കിരീടപോരാട്ടമായിരിക്കുമോ എന്നതിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
03: മുംബൈ x ഗുജറാത്ത്
മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും 2023 സീസണിൽ ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണ. ലീഗ് റൗണ്ടിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം വീതം സ്വന്തമാക്കി. അഹമ്മദാബാദിൽവച്ച് ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ടൈറ്റൻസ് 55 റണ്‍സിന്റെ ജയം നേടിയിരുന്നു.
മുംബൈയിലെ വാങ്കെഡെയിൽവച്ച് മുംബൈ ഇന്ത്യൻസ് 27 റണ്‍സ് ജയത്തോടെ കടം വീട്ടി. ഇന്നത്തെ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. സ്വന്തം മൈതാനമാണെന്നത് ഗുജറാത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ചേസിംഗ് ടീം
2023 ഐപിഎൽ സീസണിൽ ഏറ്റവും മികച്ച ചേസിംഗ് ടീമുകളാണ് മുംബൈയും ഗുജറാത്തും. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഈ സീസണിൽ ഒന്‍പത് തവണ ചേസിംഗ് നടത്തിയതിൽ ആറ് എണ്ണത്തിലും മുംബൈയും ഗുജറാത്തും ജയിച്ചു.
ഇരുടീമിന്റെയും ബാറ്റിംഗ് ബൗളിംഗ് താരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും ഇന്നത്തെ പ്രത്യേകത. ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ബാറ്റിംഗിനെ പീയൂഷ് ചൗള, ആകാഷ് മധ് വാൾ എന്നിവർ നയിക്കുന്ന മുംബൈ ബൗളിംഗ് എങ്ങനെ കടിഞ്ഞാണിടുമെന്നതാണ് കാണേണ്ടത്.
അതുപോലെ സൂര്യകുമാർ യാദവ് നയിക്കുന്ന മുംബൈ ബാറ്റിംഗ് നിരയെ മുഹമ്മദ് ഷമി, റഷീദ് ഖാൻ എന്നിവർ അണിനിരക്കുന്ന ഗുജറാത്ത് ബൗളിംഗും പരീക്ഷിക്കും. മുംബൈയുടെ രോഹിത് ശർമയെ ആറ് ഇന്നിംഗ്സിനിടെ നാല് തവണ വീഴ്ത്തിയ ബൗളറാണ് റഷീദ് ഖാൻ.
ഈ സീസണ് ഐപിഎല്ലിൽ പവർപ്ലേ ബൗളിംഗിൽ ഏറ്റവും പുരോഗതി കൈവരിച്ച ടീമാണ് മുംബൈ ഇന്ത്യൻസ്. സീസണിലെ ആദ്യ പത്ത് മത്സരങ്ങളിൽ മുംബൈ പവർ പ്ലേ ബൗളിംഗ് ഇക്കോണമി 9.2ഉം ആവറേജ് 54.9ഉം ആയിരുന്നു. അവസാന അഞ്ച് മത്സരത്തിൽ അത് 8.2ഉം 27.3ഉം ആയി പുരോഗമിച്ചു.