ട്രിപ്പിൾ സിറ്റി ; ഇപിഎൽ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
Monday, May 22, 2023 12:41 AM IST
മാഞ്ചസ്റ്റർ: 36-ാം റൗണ്ട് മത്സരത്തിന് ഇറങ്ങുന്നതിനു ഒരു ദിവസം മുന്പുതന്നെ മാഞ്ചസ്റ്റർ സിറ്റി കരയ്ക്കിരുന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണ് ഫുട്ബോൾ കിരീട നേട്ടം ആഘോഷിച്ചു.
37-ാം റൗണ്ട് പോരാട്ടത്തിനായി നോട്ടിംങാം ഫോറസ്റ്റിനെതിരേ ഇറങ്ങിയ ആഴ്സണൽ 0-1ന്റെ തോൽവി വഴങ്ങിയതോടെയാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചത്. ആഴ്സണലിന്റെ മത്സരം തങ്ങളുടെ ക്യാന്പിലിരുന്നു കാണുകയായിരുന്ന മാഞ്ചസ്റ്റർ സിറ്റി കളിക്കാർ കിരീടനേട്ടം ആഘോഷിക്കുകയും ചെയ്തു. 37 മത്സരങ്ങളിൽനിന്ന് ആഴ്സണലിന്റെ സന്പാദ്യം 81 പോയിന്റ് മാത്രമാണ്. 35 മത്സരത്തിൽ 85 പോയിന്റുമായാണ് സിറ്റി കിരീടം ഉറപ്പിച്ചത്. സീസണിൽ ഓരോ ടീമിനും 38 മത്സരങ്ങളാണ്.
തുടർച്ചയായ മൂന്നാം തവണയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടം. 2008ൽ അബുദാബി ഗ്രൂപ്പ് സിറ്റിയെ ഏറ്റെടുത്തശേഷം ഏഴാം തവണയാണ് ടീം ഇപിഎൽ ചാന്പ്യന്മാരാകുന്നത്.
03: ട്രിപ്പിൾ ട്രോഫി
2022-23 സീസണിൽ മൂന്ന് കിരീടം എന്ന സ്വപ്നത്തിലേക്ക് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ചുവടുവച്ചു. 1999ൽ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡാണ് അവസാനമായി സീസണ് ട്രിപ്പിൾ ഇംഗ്ലണ്ടിൽ നേടിയ ടീം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി രണ്ട് ഫൈനലുകൾകൂടി ശേഷിക്കുന്നുണ്ട്. എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരേയും (ജൂണ് മൂന്ന്) യുവേഫ ചാന്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാന് (ജൂണ് 10) എതിരേയും.