പെപ് 100
Sunday, April 2, 2023 12:54 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെ മുക്കി മാഞ്ചസ്റ്റർ സിറ്റി. ഹോം മത്സരത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചടിച്ച മാഞ്ചസ്റ്റർ സിറ്റി 4-1ന്റെ ജയം സ്വന്തമാക്കി. പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നേടുന്ന 100-ാം ജയമാണ്.
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഹോം ജയം നേടുന്ന പരിശീലകൻ എന്ന റിക്കാർഡും പെപ് ഗ്വാർഡിയോള കുറിച്ചു. 128-ാം മത്സരത്തിലായിരുന്നു പെപ്പിന്റെ 100-ാം ജയം. ആഴ്സെൻ വെംഗറിന്റെ പേരിലുണ്ടായിരുന്ന 139 മത്സരത്തിൽ 100 ജയം എന്ന റിക്കാർഡാണ് പഴങ്കഥയായത്.
മുഹമ്മദ് സലയിലൂടെ (17’) മുന്നിൽ കടന്ന ലിവർപൂളിനെ ജൂലിയൻ ആൽവരെസിലൂടെ (27’) മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ പിടിച്ചു. തുടർന്ന് കെവിൻ ഡിബ്രൂയിൻ (46’), ഐകി ഗുണ്ടോഗൻ (53’), ജാക് ഗ്രീലിഷ് (74’) എന്നിവരും ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി മിന്നും ജയമാഘോഷിച്ചു.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ 4-1ന് ലീഡ്സ് യുണൈറ്റഡിനെ കീഴടക്കി. 29 മത്സരങ്ങളിൽനിന്ന് 72 പോയിന്റുമായി ആഴ്സണലാണ് ലീഗിന്റെ തലപ്പത്ത്. 28 മത്സരങ്ങളിൽനിന്ന് 64 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമത് തുടരുന്നു.